മുഖ്യമന്ത്രിയുടെ സന്ദര്‍ശനം: പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത ക്രമീകരണം
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാളെ ജില്ലാ ആസ്ഥാനത്ത് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങള്‍ ക്രമീകരിച്ചിട്ടുമുണ്ട്. ഉച്ചയ്ക്ക് രണ്ടിന് ശഷം പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ക്ക് പ്രവേശനമില്ല. രണ്ടു മണി മുതല്‍ ടൗണില്‍ എത്തുന്ന എല്ലാ സ്വകാര്യ ബസുകളും പഴയ സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയ ശേഷം യാത്ര തുടരണം. കെ.എസ്. ആര്‍.ടി.സി ബസുകള്‍ക്ക് പതിവു രീതിയില്‍ സര്‍വീസ് നടത്താം. എന്നാല്‍ കുമ്പഴ യിലെത്തുന്ന ബസുകള്‍ മൈലപ്ര, ജില്ലാ പോലീസ് ഓഫീസ് ജങ്ഷന്‍ വഴി കെ.എസ്. ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തുകയും തിരികെ ഇതേ പാതയില്‍ യാത്ര തുടരുകയും വേണം. അടൂര്‍,പന്തളം,കോഴഞ്ചേരി,ചെങ്ങന്നൂര്‍. തിരുവല്ല ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ സെന്റ് പീറ്റേഴ്സ് ജങ്ഷന്‍, ജനറല്‍ ആശുപത്രി വഴി പഴയ ബസ് സ്റ്റാന്‍ഡിലെത്തി ആളെ ഇറക്കിയ ശേഷം സെന്‍ട്രല്‍ ജങ്ഷനിലൂടെ സെന്റ് പീറ്റേഴ്സ് ജങ്ഷനിലെത്തി യാത്ര തുടരണം.
റാന്നി, കോന്നി ഭാഗങ്ങളില്‍ നിന്നുള്ളവ കുമ്പഴ,മൈലപ്ര,പള്ളിപ്പടി, ജില്ലാ പോലീസ് ഓഫീസ് ജങ്ഷന്‍ വഴി സെന്റ് പീറ്റേഴ്സ് ജങ്ഷനിലെത്തി പഴയ സ്റ്റാന്‍ഡില്‍ ആളെ ഇറക്കുകയും കെ.എസ്.ആര്‍.ടി.സി, ജില്ലാ പോലീസ് ഓഫീസ് ജങ്ഷന്‍ വഴി തിരിച്ചു പോവുകയും ചെയ്യണം.
പാര്‍ക്കിങ് ക്രമീകരണം
അടൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അഴൂര്‍ കല്ലറക്കടവ് ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം അഴൂര്‍ ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പന്തളം ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കല്ലറ കടവില്‍ ആളുകളെ ഇറക്കുകയും തുടര്‍ന്ന് സ്റ്റേഡിയം ജംഗ്ഷന്‍ വഴി സഞ്ചരിച്ച് ജിയോ പാര്‍ക്കിങ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുകയും വേണം.
കൊടുമണ്‍ ഭാഗത്തുനിന്ന് വരുന്നവ കല്ലറക്കടവില്‍ ആളെ ഇറക്കിയശേഷം മുത്തൂറ്റ് ഹോസ്പിറ്റല്‍-കല്ലറക്കടവ് റോഡിലും കോന്നി മേഖലയിലെ വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപം പ്രവര്‍ത്തകരെ ഇറക്കിക്കഴിഞ്ഞു മൈലപ്ര, പള്ളിപ്പടി കുമ്പഴ റോഡിലും പാര്‍ക്ക് ചെയ്യണം.
പത്തനംതിട്ട മേഖലയില്‍ നിന്നുള്ളവ കെ.എസ്.ആര്‍.ടി.സിയില്‍ ആളുകളെ ഇറക്കിയ ശേഷം ജില്ലാ പോലീസ് ഓഫീസ് വഴി മേലെ വെട്ടിപ്പുറം ഇടത്തോട്ട് പത്തനംതിട്ട ടൗണ്‍ റോഡിലും കോഴഞ്ചേരി ഭാഗത്തുനിന്നുള്ളവ കെ.എസ്.ആര്‍.ടി.സിയില്‍ ആളുകളെ ഇറക്കിക്കഴിഞ്ഞു ജില്ലാ പോലീസ് ഓഫീസ് വഴി മേലെ വെട്ടിപ്പുറം കടമ്മനിട്ട റോഡിലും പാര്‍ക്ക് ചെയ്യണം.
മല്ലപ്പള്ളി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത് സെന്റ് പീറ്റേഴ്സ് ജങ്ഷന്‍ കഴിഞ്ഞുള്ള റോഡിന്റെ ഒരു വശത്തായിട്ടാണ്. ഇവ ജില്ലാ പോലീസ് ഓഫീസ് ജങ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കുകയും തുടര്‍ന്ന് കെ,എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ജങ്ഷന്‍, സ്റ്റേഡിയം ജംഗ്ഷന്‍ വഴി വലത്തോട്ട് തിരിഞ്ഞ് സഞ്ചരിച്ചാണ് ഇവിടെ എത്തേണ്ടത്.
ജില്ലാ പോലീസ് ഓഫീസ് ജങ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കിയ ശേഷം അബാന്‍ മേല്‍പ്പാലം ഭാഗത്ത് അതേ റോഡിലാണ് പെരുനാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. ജില്ലാ പോലീസ് ഓഫീസ്-മേല്‍പ്പാലം റോഡില്‍ പ്രവര്‍ത്തകരെ ഇറക്കി കഴിഞ്ഞ് ഞണ്ണുങ്കല്‍ പടി കൈരളിപുരം റോഡില്‍ റാന്നി മേഖലയില്‍ നിന്നുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
ഇരവിപേരൂര്‍ മേഖലയില്‍ നിന്നുള്ളവ കെഎസ്ആര്‍ടിസിയില്‍ പ്രവര്‍ത്തകരെ ഇറക്കി കഴിഞ്ഞ് ജില്ലാ പോലീസ് ഓഫീസ് ജങ്ഷന്‍ വഴി മേലെ വെട്ടിപ്പുറം, അഞ്ചക്കാല, സെന്റ് പീറ്റേഴ്സ് ജങ്ഷന്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം. തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ആളുകളെ ഇറക്കിയ ശേഷം ജില്ലാ പോലീസ് ഓഫീസ് ജങ്ഷന്‍ വഴി മേലെ വെട്ടിപ്പുറം റോഡില്‍ പാപ്പാനി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.