റെക്കോര്‍ഡുകള്‍ തകര്‍ത്ത് കേരള ടൂറിസം; 2025-ല്‍ എത്തിയത് രണ്ടരക്കോടിയിലധികം സഞ്ചാരികള്‍

Update: 2026-02-17 08:09 GMT

തിരുവനന്തപുരം: കേരള വിനോദസഞ്ചാര മേഖലയില്‍ ചരിത്രപരമായ മുന്നേറ്റം. 2025-ല്‍ സംസ്ഥാനം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചു. ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025-ല്‍ ആകെ 2,58,80,365 സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

2024-നെ അപേക്ഷിച്ച് (2,29,85,363) 28,95,002 പേര്‍ അധികമായി 2025-ല്‍ കേരളത്തിലെത്തി. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 12.64% വര്‍ദ്ധനവ് രേഖപ്പെടുത്തി. കോവിഡ് കാലത്തിന് മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 36.3% അധികമാണ്.

2025-ല്‍ 8,21,999 വിദേശ സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.33% വര്‍ദ്ധനവാണിത്. കേരള ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.

സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകളും വിപണന തന്ത്രങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പല പ്രതിസന്ധികളെയും അതിജീവിച്ച് കേരളത്തിന്റെ ടൂറിസം മേഖല കരുത്താര്‍ജ്ജിക്കുന്നതിന്റെ സൂചനയായാണ് ഈ റെക്കോര്‍ഡ് വര്‍ദ്ധനവിനെ വിലയിരുത്തുന്നത്.

ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്കും കാരവന്‍ ടൂറിസം പോലുള്ള പുതിയ പരീക്ഷണങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയും ഈ നേട്ടത്തില്‍ നിര്‍ണ്ണായകമായി എന്നാണ് അവകാശവാദം.

Similar News