സമസ്ത എപി വിഭാഗം നൂറാം വാര്‍ഷിക സമ്മേളനത്തിന് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് കാന്തപുരം; മോദി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ട്
കോഴിക്കോട്: മലപ്പുറത്ത് നടക്കുന്ന സമസ്ത (എപി വിഭാഗം) നൂറാം വാര്‍ഷിക സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. സമ്മേളനത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പരിപാടിയിലേക്കാണ് ക്ഷണം. തിങ്കളാഴ്ച കാന്തപുരം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിയെ കാന്തപുരം സമ്മേളനത്തിന് ക്ഷണിച്ചതെന്നാണ് വിവരം.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് മോദി അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം. യെമനില്‍ തടവിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടതിന് കാന്തപുരത്തിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഇടപെടലുണ്ടാവുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി മോദിയും പങ്കുവെച്ചിരുന്നു. സാമൂഹിക ഐക്യവും സാഹോദര്യവും വര്‍ധിപ്പിക്കുന്നതിലും വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം എക്‌സിലാണ് മോദിയുടെ കുറിപ്പ്.