വാക്കുതര്‍ക്കത്തിനിടെ 73കാരിയായ അമ്മയുടെ കൈയ്യും കാലും കോടാലിക്ക് അടിച്ചൊടിച്ചു; മകന്‍ അറസ്റ്റില്‍
വാക്കുതര്‍ക്കത്തിനിടെ 73കാരിയായ അമ്മയുടെ കൈയ്യും കാലും കോടാലിക്ക് അടിച്ചൊടിച്ചു; മകന്‍ അറസ്റ്റില്‍
കട്ടപ്പന: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും കോടാലികൊണ്ട് അടിച്ചൊടിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയില്‍ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം. അമ്മയെ ക്രൂരമായി ആക്രമിച്ച മകന്‍ പ്രസാദിനെ (44) കട്ടപ്പന പോലിസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രസാദും ഭാര്യയും വര്‍ഷങ്ങളായി കമലമ്മയുമായി വഴക്കാണ്. അച്ഛന്‍ ദിവാകരനെ ഭീഷണിപ്പെടുത്തി പ്രസാദും ഭാര്യയും ചേര്‍ന്ന് വീട് എഴുതിവാങ്ങിയശേഷം ഇരുവരേയും വീട്ടില്‍നിന്ന് പുറത്താക്കിയതായി മുമ്പ് കമലമ്മ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. വീട്ടില്‍ നിന്നും പുറത്താക്കിയതോടെ വീടിനോടുചേര്‍ന്ന് താത്കാലികമായി മുറി പണിത് അവിടെയാണ് കമലമ്മ താമസിച്ചിരുന്നത്. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് അച്ഛന്‍ ദിവാകരനും താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കമലമ്മയുടെ മുറിയിലേക്ക് എത്താനുള്ള വഴിയില്‍ മകനും മരുമകളും കോഴിക്കൂട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കോഴിക്കൂട് കമലമ്മ തകര്‍ത്തെന്ന് ആരോപിച്ച് രാവിലെ പ്രസാദും കമലമ്മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കോടാലി ഉപയോഗിച്ച് പ്രസാദ് കമലമ്മയെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
കമലമ്മയുടെ കൈയും കാലും ഒടിഞ്ഞതായി അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഇവരെ കട്ടപ്പന താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്.