ജോര്‍ജിയയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധി പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി നോര്‍ക്ക
ജോര്‍ജിയയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി നോര്‍ക്ക
തിരുവനന്തപുരം: ജോര്‍ജിയയില്‍ ജോലിവാഗ്ദാനംചെയ്ത് നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി നോര്‍ക്ക. ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരേ ജാഗ്രതവേണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്കയുടെ മുന്നറിയിപ്പ്. ജോലിവാഗ്ദാനം കിട്ടിയ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായെന്ന വിവരത്തെത്തുടര്‍ന്നാണ് നോര്‍ക്ക മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.
ഇത്തരത്തില്‍ ജോലിവാഗ്ദാനത്തില്‍ കുടുങ്ങിയവര്‍ വഞ്ചിക്കപ്പെട്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാനിര്‍ദേശം. ഉയര്‍ന്ന വേതനമുള്ള ജോലിക്ക് രണ്ടുമുതല്‍ അഞ്ചുലക്ഷംരൂപവരെ ഫീസ് ഈടാക്കിയാണ് തട്ടിപ്പെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ താമസാനുമതി ഉള്ളവര്‍ക്ക് ജോര്‍ജിയയില്‍ വിസ കൂടാതെ 30 ദിവസത്തേക്ക് പ്രവേശനം സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെയും spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പരിലും അറിയിക്കാം. വിദേശകാര്യ മന്ത്രാലയത്തിന്റെ www.emigrate.gov.in മുഖേന റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കണം.