ഉത്സവസ്ഥലത്ത് നാടന്‍ പാട്ട് പരിപാടിക്കിടെ സംഘര്‍ഷം; നിയന്ത്രിക്കാനെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു; പ്രതി അറസ്റ്റില്‍

പോലീസിനു നേരെ കൈയേറ്റത്തിന് മുതിര്‍ന്ന യുവാവിനെ പിടികൂടി.

Update: 2025-05-10 16:41 GMT

പന്തളം: ഉത്സവത്തോടനുബന്ധിച്ച് നാടന്‍പാട്ട് പരിപാടിക്കിടെ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത പോലീസിനു നേരെ കൈയേറ്റത്തിന് മുതിര്‍ന്ന യുവാവിനെ പിടികൂടി. മുടിയൂര്‍ക്കോണം പുന്നത്താറ്റ് വിനോദ് ഭവനത്തില്‍ വിനോദ് (41) ആണ് അറസ്റ്റിലായത്. മുടിയൂര്‍ക്കോണം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടന്‍പാട്ട് പരിപാടി നടക്കുമ്പോള്‍ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപ്പിച്ചത്. പോലീസിനോട് തട്ടിക്കയറുകയും പിടിച്ചുതള്ളി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയായിരുന്നു കൈയേറ്റമുണ്ടായത്. നാടന്‍ പാട്ട് പരിപാടിക്കിടെ പ്രശ്നമുണ്ടായത് പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴാണ് ക്ഷുഭിതനായ വിനോദ് പോലീസിന് നേരേ തിരിഞ്ഞത്. എസ്ഐയുടെ നേതൃത്വത്തില്‍, എഎസ്ഐ രാജു, സിപിഓമാരായ അന്‍സാജു, അരുണ്‍ എന്നിവരടങ്ങിയ സംഘം ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നിര്‍ദേശപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ക്കുശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    

Similar News