പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം; 53കാരന് 12 വര്‍ഷം കഠിനതടവും വിധിച്ച് ഇടുക്കി അതിവേഗ കോടതി: പ്രതി മരണംവരെ ജയിലില്‍ കഴിയണമെന്നും വിധിന്യായം
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം
ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 53 വയസ്സുകാരനു മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ കോടതി. കൂടാതെ പ്രതി 12 വര്‍ഷം കഠിനതടവും അനുഭവിക്കണമെന്നും കോടതി വിധിച്ചു. ഇടുക്കി കൊന്നത്തടി ഇഞ്ചപ്പതാല്‍ നെല്ലിക്കുന്നേല്‍ ലെനിന്‍ കുമാറിനെയാണ് ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. പ്രതി മരണംവരെ ജയിലില്‍ കഴിയണമെന്നു വിധിന്യായത്തില്‍ കോടതി പ്രത്യേകം വ്യക്തമാക്കി.
പിഴത്തുക പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവായി. കുട്ടിക്കു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു. 2020ലാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടുകാരെ പ്രതിക്കു പരിചയമുണ്ടായിരുന്നു. ഇതിന്റെ മറവില്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്. ശാരീരിക അസ്വസ്ഥതമൂലം ആശുപത്രിയിലെത്തിയ കുട്ടിയെ പരിശോധിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്നറിഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ ഹാജരായി.