ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഒളിവില്‍ പോയ ബസ് ഡ്രൈവറെ പിടികൂടാനായില്ല

ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Update: 2025-05-22 01:58 GMT

കോട്ടയം: സംക്രാന്തിയില്‍ സ്വകാര്യബസില്‍ കയറുമ്പോള്‍ റോഡില്‍വീണ് പിന്‍ചക്രങ്ങള്‍ കാലില്‍ കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ ഉമ്പുക്കാട്ട് വീട്ടില്‍ ശോഭന (64)യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിനുശേഷം കടന്നുകളഞ്ഞ ബസ്‌ഡ്രൈവറെ പിടികൂടാനായിട്ടില്ല.

ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ബുധനാഴ്ച മൂന്നുമണിയോടെ മരണം സ്ഥിരീകരിച്ചു.കുടമാളൂര്‍ കളത്തിക്കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: രാധാകൃഷ്ണന്‍ (രാജന്‍). മക്കള്‍: ദീപക് (സൗദി), രൂപക് (ബജാജ് ഫിനാന്‍സ്, കോട്ടയം). മരുമക്കള്‍: ചിഞ്ചു (സൗദി), ആശ (തൃക്കൊടിത്താനം). ശോഭനയുടെ സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. പാറമ്പുഴയിലെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന ശോഭന സംക്രാന്തികവലയിലെത്തി വീട്ടിലേക്ക്മടങ്ങുമ്പോഴായിരുന്നു സംഭവം.

സംക്രാന്തിയില്‍നിന്ന് കുമാരനല്ലൂരിലേക്ക് പോകാന്‍ ബസ്റ്റോപ്പിലേക്ക് നടക്കവേ ബസ് എത്തി. പടിയില്‍ കയറിയ ഉടന്‍ ബസ് മുന്നോട്ട് എടുത്തു. വാതില്‍ അടയാതിരുന്നതിനാല്‍ ശോഭന റോഡിലേക്ക് വീണു. നാട്ടുകാര്‍ ബഹളംെവച്ചാണ് ബസ് നിര്‍ത്തിയത്. അത്യാഹിത വിഭാഗത്തിലെ റെഡ്‌സോണിലാണിലായിരുന്നു ആദ്യം. പിന്നീട് സര്‍ജറിവിഭാഗം തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. അസ്ഥിരോഗവിഭാഗം, സര്‍ജറി, ന്യൂറോസര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രാത്രി ശസ്ത്രക്രിയ നടത്തിയിരുന്നു.

ബസ് നിര്‍ത്താന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടംനടന്നത്. സംക്രാന്തിയിലെ കവലയ്ക്ക് സമീപമുള്ള ബസ്റ്റോപ്പില്‍നിന്ന് മാത്രമേ ആളെ എടുക്കാവൂ എന്ന പോലീസിന്റെ കര്‍ശനനിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്. ധൃതിപിടിച്ച് ആളെകയറ്റി ഡോറില്‍ നില്‍ക്കുമ്പോള്‍ത്തന്നെ വണ്ടി എടുത്തുപോകുന്നത് ബുധനാഴ്ചയും കാണാമായിരുന്നു.

Tags:    

Similar News