എസ്. ഹരീഷിനും പി.എസ്.റഫീക്കിനും പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം; സിനിമാ പുരസ്‌കാരം ഫാസില്‍ മുഹമ്മദിന്

പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Update: 2025-05-23 09:50 GMT

തിരുവനന്തപുരം: 2024 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പട്ടുനൂല്‍പ്പുഴു എന്ന നോവല്‍ രചിച്ച എസ്.ഹരീഷാണ് മികച്ച നോവലിസ്റ്റ്. ഇടമലയിലെ യാക്കൂബ് എന്ന ചെറുകഥയുടെ കര്‍ത്താവായ പി.എസ്. റഫീക്ക് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന് ഫാസില്‍ മുഹമ്മദ് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

പുതുമുഖ രചയിതാവന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ രചനയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ടെയ്ല്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് വൈറസ് നോവല്‍ എഴുതിയ ഐശ്വര്യ കമല അര്‍ഹയായി. ഉണ്ണി ആര്‍., അധ്യക്ഷനും ജി.ആര്‍.ഇന്ദുഗോപന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണു സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ടി.കെ.രാജീവ്കുമാറിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും എസ്.കുമാറുമടങ്ങുന്ന സമിതിയാണു ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 34-ാമത് പദ്മരാജന്‍ പുരസ്‌കാരമാണിത്.

പുരസ്‌കാരങ്ങള്‍ മേയ് 30 ന് വെള്ളിയാഴ്ച തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് അഞ്ചരയ്ക്കു നടക്കുന്ന ചടങ്ങില്‍ പദ്മഭൂഷണ്‍ മോഹന്‍ലാല്‍ സമര്‍പ്പിക്കുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖര്‍ എന്നിവരറിയിച്ചു. വിധികര്‍ത്താക്കളായ ടി കെ രാജീവ്കുമാര്‍, ഉണ്ണി ആര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് പി.ജി.പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്മരാജന്റെ 80-ാം ജന്മവാര്‍ഷികമാഘോഷിക്കുന്ന ഈ വര്‍ഷത്തെ പുരസ്‌കാരസന്ധ്യയില്‍ പദ്മരാജന്‍ ചിത്രങ്ങളില്‍ സഹകരിച്ച പ്രമുഖ സംവിധായകരെയും സാങ്കേതികവിദഗ്ധരെയും ആദരിക്കും. സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരിക്കും. പദ്മരാജന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വയലിന്‍ സോളോയും ഫെമിനിച്ചി ഫാത്തിമയുടെ പൊതുപ്രദര്‍ശനവും നടക്കും.

Similar News