മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
കോഴിക്കോട്: തീപിടുത്തമുണ്ടായ കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് (പുതിയ ബസ് സ്റ്റാന്‍ഡ്) കെട്ടിടത്തിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്‌നമില്ലെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മേയറും വ്യാപാരികളും നടത്തിയ ചര്‍ച്ചയിലാണ് കടകള്‍ തുറക്കാന്‍ തീരുമാനമായത്.
മാലിന്യം നീക്കി കെട്ടിടം വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനല്‍ ബോര്‍ഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ പ്രവര്‍ത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കും.
പാനലുകള്‍ മാറ്റി സ്ഥാപിച്ച് ഓരോ മുറിയിലേക്കുമുള്ള കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ആദ്യഘട്ടമായി കോര്‍പ്പറേഷന്‍ ചെയ്യും, മുറികള്‍ക്കുള്ളിലുള്ള വയറിങ് ലൈസന്‍സികളാണ് ചെയ്യുക. കോമണ്‍ സ്‌പേസിങിലുള്ള ലൈറ്റുകളുടെ പ്രവര്‍ത്തി അടുത്ത ഘട്ടമായി പൂര്‍ത്തിയാക്കും.
സമ്പൂര്‍ണ്ണ നവീകരണത്തിന് വേണ്ടി തയ്യാറാക്കിയ പുതിയ ഡിപിആര്‍ ജൂണ്‍ മാസത്തില്‍ അംഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. ഒരു മാസത്തെ വാടക ഒഴിവാക്കി നല്‍കണമെന്ന് വ്യാപാരികള്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണ് കടകള്‍ അടച്ചിട്ടിരുന്നത്.