സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-05-23 17:58 GMT

അടൂര്‍: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ ഭാര്യയെ വീട്ടില്‍ തടഞ്ഞുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവിനെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കുളക്കട മാവടി പൂവറ്റൂര്‍ കിരിക്കല്‍ പടിഞ്ഞാറേപുരം വീട്ടില്‍ സുഭാഷ് (49) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്.

ഏനാത്ത് ഇളങ്കമംഗലം ചാലുവിള കൃഷ്ണാലയം വീട്ടില്‍ അംബികയ്ക്കാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റത്. 20 ന് രാത്രി 7.30 നാണ് സംഭവം. മര്‍ദ്ദനത്തില്‍ ചുണ്ടിനും നാവിനും മുറിവേറ്റു. ഇവര്‍ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊല്ലാനും ശ്രമിച്ചു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡറുടെ ജോലി നോക്കുന്ന അംബിക, 2021 ഫെബ്രുവരി 12 മുതല്‍ ഇയാള്‍ക്കൊപ്പം ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 20 ന് വിവാഹം രജിസ്റ്റര്‍ ചെയ്യുകയും കുടുംബപരമായി ലഭിച്ച വസ്തുവില്‍ വീടുവച്ച് ഒരുമിച്ച് താമസിക്കുകയുമാണ്. സുഭാഷ് നിരന്തരം മദ്യപിച്ചു വന്ന് ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് ഇവരുടെ മൊഴിയില്‍ പറയുന്നു. ദേഹോപദ്രവവും മാനസിക പീഡനവും തുടര്‍ന്നപ്പോള്‍, സഹിക്ക വയ്യാതെ അംബിക അടൂര്‍ ജെ.എഫ്.എം കോടതിയില്‍ ഹര്‍ജി നല്‍കി. ഭര്‍ത്താവില്‍നിന്നും സംരക്ഷണഉത്തരവ് ഗാര്‍ഹിക പീഡന നിരോധന നിയമം വകുപ്പ് 23(2) പ്രകാരം കോടതി പുറപ്പെടുവിച്ചു.

ഈ ഉത്തരവ് നിലനില്‍ക്കേയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭാര്യയെ മര്‍ദ്ദിച്ചത്. ദേഹോപദ്രവം ഏറ്റിട്ടും ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയില്ല. തുടര്‍ന്ന്, 22 ന് രാവിലെ ഇയാള്‍ വീടിനു മുന്നിലെയും കിടപ്പു മുറിയുടെയും കതകുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. അംബികയുടെ ബന്ധുക്കള്‍ വീട്ടില്‍ വരുന്നതിന്റെ വിരോധത്താലാണ് നിരന്തരം ഉപദ്രവിക്കുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ബി എന്‍ എസിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊപ്പം ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് 31 പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത് സിങ് നായകത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രതിയെ പോലീസ് പിടികൂടി.


Tags:    

Similar News