നടപ്പാക്കാത്ത പ്രവൃത്തികള്‍ക്ക് വ്യാജവൗച്ചറുകള്‍ ഉണ്ടാക്കി പണം തട്ടി; മുന്‍പഞ്ചായത്ത് സെക്രട്ടറിക്ക് ആറുവര്‍ഷം കഠിനതടവും 1,50,000 രൂപ പിഴയും

മുന്‍പഞ്ചായത്ത് സെക്രട്ടറിക്ക് ആറുവര്‍ഷം കഠിനതടവും 1,50,000 രൂപ പിഴയും

Update: 2025-05-30 02:41 GMT

പത്തനംതിട്ട: നടപ്പാക്കാത്ത പ്രവൃത്തികള്‍ക്ക് വ്യാജവൗച്ചറുകള്‍ ഉണ്ടാക്കി പഞ്ചായത്ത് ഫണ്ടില്‍നിന്ന് പണാപഹരണം നടത്തിയെന്ന കേസില്‍ റാന്നി അങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുന്‍ സെക്രട്ടറിക്ക് ആറുവര്‍ഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ. മുന്‍ സെക്രട്ടറി എ. എഡിസണെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ ആറുവര്‍ഷം കഠിനതടവിനാണ് ശിക്ഷ വിധിച്ചത്.

അങ്ങാടി ഗ്രാമപ്പഞ്ചായത്തില്‍ 2006-2007 കാലഘട്ടത്തില്‍ സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന എ. എഡിസണ്‍, ഈ കാലഘട്ടത്തില്‍ പഞ്ചായത്ത് പരിധിയില്‍ വിവിധ വാര്‍ഡുകളിലെ റോഡരികിലുള്ള കുറ്റിക്കാടും അഴുക്കുചാലുകളും പഞ്ചായത്ത് പരിസരവും വൃത്തിയാക്കിയതായിക്കാണിച്ച് 106 വ്യാജവൗച്ചറുണ്ടാക്കി പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം വാങ്ങാതെ 5,90,340 രൂപ പാസാക്കിയെടുത്തിരുന്നു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍മതി. എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) എം.വി. രാജകുമാര ആണ് വിധി പുറപ്പെടുവിച്ചത്. വിജിലന്‍സിനുവേണ്ടി പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

Tags:    

Similar News