പിഎം കിസാന്‍ പദ്ധതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; വാട്‌സാപ്പില്‍ വരുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാവും: മുന്നറിയിപ്പുമായി സൈബര്‍ പോലിസ്

പിഎം കിസാന്‍ പദ്ധതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

Update: 2025-05-31 02:31 GMT

തിരുവനന്തപുരം: കര്‍ഷകരെ ലക്ഷ്യമിട്ട് പിഎം കിസാന്‍ പദ്ധതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. വിവിധകേസുകളിലായി 14 ലക്ഷത്തോളം രൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നായി പതിനഞ്ചോളം പരാതികള്‍ സൈബര്‍ പോലീസിനുലഭിച്ചു. ഉടനടി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ചിലകേസുകളില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാന്‍ സൈബര്‍ പോലീസിനായി.

'പിഎം കിസാന്‍' യോജനയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷന്‍ ഫയലും (എപികെ) വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ആപ്ലിക്കേഷന്‍ ഫയല്‍ ഇന്‍സ്റ്റാള്‍ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാര്‍ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് തട്ടിപ്പുകള്‍ക്കുപിന്നിലെന്ന് സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലൂടെ ഇങ്ങനെ ലഭിക്കുന്ന എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പുനല്‍കി. ഓണ്‍ലൈന്‍ സാമ്പത്തികകുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം. https://cybercrime.gov.ശി എന്ന വെബ്സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.

Tags:    

Similar News