ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: കരട് വിജ്ഞാപനമായി; പരാതികളില്‍ ആവശ്യമെങ്കില്‍ പരാതിക്കാരെ നേരില്‍ കേട്ട് കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കും

Update: 2025-05-31 08:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്‌ളോക്ക്പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ ഏഴ് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്ടേര്‍ഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം. ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം-695033 ഫോണ്‍:0471-2335030.

നിര്‍ദ്ദിഷ്ട ബ്ളോക്ക്പഞ്ചായത്ത് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കളക്ടറേറ്റുകളിലും https://delimitation.lsgkerala.gov.in, https://sec.kerala.gov.in വെബ് സൈറ്റുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി നല്‍കും. പകര്‍പ്പ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി.എസ്.ടിയും തുക ഈടാക്കി നല്‍കും.

ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും. പരാതികളില്‍ ആവശ്യമെങ്കില്‍ പരാതിക്കാരെ നേരില്‍ കേട്ട് കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കും.

അതിന് ശേഷം ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. 2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കി ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച് തദ്ദേശസ്വയംഭരണവകുപ്പ് റൂറല്‍ ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്ത്രീകള്‍ക്കും, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണ വാര്‍ഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ബ്ളോക്ക്പഞ്ചായത്തുകളില്‍ 187 വാര്‍ഡുകള്‍, പുതുതായി നിലവില്‍ വരും. ഇതോടെ ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 2080 ല്‍ നിന്നും 2267 ആകും.

Similar News