ആധാര്‍ കാര്‍ഡ് കിട്ടാന്‍ കാലതാമസം; ഒന്നാം ക്ലാസ് പ്രവേശനത്തില്‍ ആശങ്ക
ആധാര്‍ കാര്‍ഡ് കിട്ടാന്‍ കാലതാമസം; ഒന്നാം ക്ലാസ് പ്രവേശനത്തില്‍ ആശങ്ക
കണ്ണൂര്‍: പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്‌ളാസ് വിദ്യാര്‍ത്ഥികളില്‍ പല്‍ര്‍ക്കും മാസങ്ങള്‍ക്കു മുന്‍പ് അപേക്ഷിച്ച ആധാര്‍ കാര്‍ഡ് കിട്ടാത്തതില്‍ ആശങ്ക. സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുമ്പോള്‍ ഒന്നാംക്‌ളാസ് പ്രവേശനത്തിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നാണിത്. ആധാര്‍ നമ്പര്‍ ഇല്ലാത്ത വിദ്യാര്‍ഥികളെ ഇക്കുറി കണക്കില്‍പ്പെടുത്തില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കണക്കാക്കുന്നത് ആറാം പ്രവൃത്തിദിനമായ ജൂണ്‍ 10-നാണ്. രണ്ടുമാസം മുന്‍പ് അപേക്ഷിച്ചവര്‍ക്കുപോലും ഇതുവരെയായി ആധാര്‍നമ്പര്‍ ലഭിച്ചില്ല. ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന ഇഐഡി നമ്പര്‍ മാത്രമാണ് അവരുടെ കൈയിലുള്ളത്. രണ്ടുവര്‍ഷം മുന്‍പ് ഇഐഡി നമ്പറുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രഥമാധ്യാപകര്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ആ ഇളവ് എടുത്തുകളഞ്ഞു.
മുന്‍പ് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ ഒരാഴ്ചകൊണ്ട് നമ്പര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞിട്ടും ലഭിക്കുന്നില്ല. അക്ഷയ കേന്ദ്രങ്ങളില്‍ പോയി പരിശോധിക്കുമ്പോള്‍ അപേക്ഷ നിരസിക്കപ്പെട്ട വിവരമാണ് ലഭിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
ആറാം പ്രവൃത്തിദിവസത്തിനു മുന്‍പായി ആധാര്‍ കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ നിരവധി അധ്യാപക തസ്തികകള്‍ പൊതുവിദ്യാലയങ്ങളില്‍ നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. ആധാറിന് അപേക്ഷിച്ച രേഖയും പ്രഥമാധ്യാപകരുടെ സത്യവാങ്മൂലവും നല്‍കിയാല്‍ കുട്ടികളെ എണ്ണത്തില്‍ കൂട്ടണമെന്നാണ് സ്‌കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ വകുപ്പ് വ്യക്തത നല്‍കിയിട്ടില്ല.