ഇരിട്ടിയില്‍ വീണ്ടും കാട്ടാന ഇറങ്ങി; വീട്ടമ്മ ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിട്ടിയില്‍ വീണ്ടും കാട്ടാന ഇറങ്ങി

Update: 2025-06-04 17:35 GMT
ഇരിട്ടിയില്‍ വീണ്ടും കാട്ടാന ഇറങ്ങി; വീട്ടമ്മ ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • whatsapp icon

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരുക്കേറ്റു. കച്ചേരി കടവിലെ നടുവിലേ കിഴക്കേതില്‍ സുരിജ വിശ്വനാഥനാണ് (58) പരുക്കേറ്റത്. കച്ചേരി കടവിലെ കേരള കര്‍ണാടക വനാതിര്‍ത്തിയില്‍ ബാരാപ്പോള്‍ പുഴക്കരയില്‍ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് എത്തിയാണ് കാട്ടാന ആക്രമിച്ചത്.

കര്‍ണാടക ബ്രഹ്‌മഗിരി വനമേഖലയോട് ചേര്‍ത്താണ് ഇവരുടെ വീട്. ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കാട്ടാനയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വീട്ടമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടാനയുടെ മുന്‍പില്‍പ്പെട്ട ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ആറളം ഫാം പരിസരത്ത് കാട്ടാന ആദിവാസി കുടുംബത്തിന്റെ അടുക്കളയുടെ ഷെഡ് തകര്‍ത്തിരുന്നു. കര്‍ണാടക അതിര്‍ത്തിയിലേക്ക് വനം വകുപ്പ് ഓടിച്ചു വിട്ട കാട്ടാനകള്‍ ചക്ക തിന്നുന്നതിനാണ് ഇരിട്ടിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Tags:    

Similar News