ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 18 ലക്ഷം രൂപ തട്ടി; കാസര്‍കോട് സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 18 ലക്ഷം രൂപ തട്ടി; സഹോദരങ്ങള്‍ അറസ്റ്റില്‍
എരുമേലി: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ ചേനപ്പാടി സ്വദേശിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിനു സഹായിച്ചെന്ന കേസില്‍ കാസര്‍കോട് മിയാപാദവ് സ്വദേശി ബി.റസിയ (40), സഹോദരന്‍ അബ്ദുല്‍ റഷീദ് (38) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ കേസിലെ മൂന്നും നാലും പ്രതികളാണെന്നും ഒന്നും രണ്ടും പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 2024 സെപ്റ്റംബറിലായിരുന്നു തട്ടിപ്പ്. വാട്‌സാപ് ഗ്രൂപ്പ് വഴിയാണു പ്രതികള്‍ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്.
വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കു പല തവണകളായി 18,24,000 രൂപ പരാതിക്കാരന്‍ അയച്ചു. അവര്‍ ഈ തുക കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്കു കൈമാറി. പ്രതിഫലമായി പ്രധാന പ്രതികള്‍ 5.2 ലക്ഷം രൂപ റസിയയുടെയും റഷീദിന്റെയും അക്കൗണ്ടില്‍ നല്‍കിയതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. എരുമേലി എസ്‌ഐ ടി.രാജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.