മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ അമിത നിരക്ക്; സര്‍ക്കാരിന്റെ നിലപാത് തേടി ഹൈക്കോടതി

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ അമിത നിരക്ക്; സര്‍ക്കാരിന്റെ നിലപാത് തേടി ഹൈക്കോടതി

Update: 2025-06-11 02:32 GMT

കൊച്ചി: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് തടയാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കോട്ടയം സ്വദേശി മനു നായര്‍ ഫയല്‍ ചെയ്ത ഹര്‍ജി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. നിലവില്‍ ഇത്തരത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് വിലക്കാന്‍ സംവിധാനമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ഡിമാന്‍ഡ് കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ്. സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്.

കേരള സിനിമാസ് റെഗുലേഷന്‍ ആക്ടും ചട്ടങ്ങളുമൊക്കെ ലംഘിച്ചാണിത്. ഇത്തരത്തില്‍ അധിക നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സര്‍ക്കാരുകള്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയും അമിത നിരക്ക് ഈടാക്കുന്നത് വിലക്കിയിട്ടുണ്ട്. വിനോദോപാദിയെന്ന നിലയില്‍ സിനിമ കാണാനുള്ള ചെലവ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്നതാകണം. എന്നാല്‍, ഇത്തരമൊരു നയം സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Tags:    

Similar News