മലയാളികളുടെ അടുക്കളയെ എരിച്ച് വെളിച്ചെണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; തേങ്ങവിലയും കുതിക്കുന്നു: കിലോയ്ക്ക് 80 രൂപ

വെളിച്ചെണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; തേങ്ങവിലയും കുതിക്കുന്നു

Update: 2025-06-11 03:44 GMT

ലയാളിയുടെ അടുക്കള ബജറ്റിനെ താളം തെറ്റിച്ച് വെളിച്ചെണ്ണ വില കുതിക്കുന്നു. നാളികേരത്തിന്റെ വിലയും സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയിലും നാളികേരം കിലോയ്ക്ക് 80 രൂപയും എത്തി. സാധാരണക്കാരന്റെ അടുക്കളയെ ചുട്ടെരിക്കുകയാണ് എണ്ണ വില. രണ്ടു മാസം മുമ്പ് 250 രൂപയായിരുന്ന എണ്ണ വിലയാണ് പൊടുന്നനെ കുതിച്ചുയര്‍ന്നത്. ഒരു കിലോ ചക്കില്‍ ആട്ടിയ വെളിച്ചെണ്ണയ്ക്ക് 390 രൂപ മുതല്‍ 400 രൂപ വരെ നല്‍കണം. വന്‍കിട കമ്പനികളാണ് ഇതില്‍ അധികവും നേട്ടമുണ്ടാക്കുന്നത്. ഗുണമേന്മയുള്ള കൊപ്ര ലഭിക്കാത്തതാണ് പ്രധാന കാരണം.

മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് കൊപ്ര എത്തുന്നത്. എന്നാല്‍ പകുതി ലോഡ് മാത്രമാണ് ഇപ്പോള്‍ എത്തുന്നതെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.  തേങ്ങ കിലോയ്ക്ക് 80 മുതല്‍ 85 രൂപ എത്തി. നാടന്‍ തേങ്ങ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് വില വര്‍ധിക്കാന്‍ പ്രധാന കാരണം. തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ഗുണമേന്മ കുറഞ്ഞ തേങ്ങയ്ക്ക് വിപണിയും കുറവെന്ന് വ്യാപാരികള്‍ പറയുന്നു.


വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വില കുതിക്കുമ്പോഴും വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മലയാളിയുടെ തീന്‍മേശയെ സമ്പന്നമാക്കുന്ന വെളിച്ചെണ്ണയുടെയും തേങ്ങയുടെയും പൊള്ളുന്ന വിലയില്‍ പരിഹാരമില്ലെങ്കില്‍ വരുന്ന ഓണക്കാലം മലയാളിക്ക് വറുതിയുണ്ടാക്കും.

Tags:    

Similar News