തോരാമഴയില്‍ കോളടിച്ച് വൈദ്യുതി ബോര്‍ഡ്; സംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വൈദ്യുതി ഉത്പാദനം ഇരട്ടിയായി
തോരാമഴയില്‍ കോളടിച്ച് വൈദ്യുതി ബോര്‍ഡ്; വൈദ്യുതി ഉത്പാദനം ഇരട്ടിയായി
സീതത്തോട്: തോരാമഴയില്‍ ജല സംഭരണികള്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കി കെഎസ്ഇബി. സംഭരണികളിലെ ജലനിരപ്പും അതിലേക്കുള്ള നീരൊഴുക്കും അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഉത്പാദനം കൂട്ടിയതോടെ, സംസ്ഥാനത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കുറച്ചു. ആഭ്യന്തര ഉത്പാദനം ഉയര്‍ന്നതോടെ, സംസ്ഥാനം വാങ്ങുന്ന വൈദ്യുതിയുടെ അളവ് 34 മില്യണ്‍ യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈസമയം 56 മില്യണ്‍ യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയിരുന്നു.
സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 2073.748 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഉണ്ട്. 62.878 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം കഴിഞ്ഞദിവസംമാത്രം ഒഴുകിയെത്തി. ജലവൈദ്യുതി പദ്ധതികളില്‍നിന്ന് 44.359 ദശലക്ഷം യൂണിറ്റ് വൈദ്യുതി കഴിഞ്ഞദിവസം ഉത്പാദിപ്പിച്ചു. കഴിഞ്ഞവര്‍ഷം ഇതേസമയം 21.778 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്.
സംഭരണികളിലെല്ലാംകൂടി 50 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 25 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. വലിയ പദ്ധതിയായ ഇടുക്കിയില്‍ 47 ശതമാനവും, ശബരിഗിരിയില്‍ 51 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്. ഇടുക്കിയിലും, ശബരിഗിരിയിലും മുഴുവന്‍ ജനറേറ്ററുകളില്‍നിന്നും വൈദ്യുതി ഉത്പാദനം നടത്തുന്നുണ്ട്.
കാലവര്‍ഷം നേരത്തേ എത്തിയത് വൈദ്യുതിബോര്‍ഡിന് കോടികളുടെ നേട്ടമുണ്ടാക്കുന്നു. ചെറുകിട പദ്ധതികളില്‍ പലതിലും സംഭരണികള്‍ നിറഞ്ഞ് അധികജലം തുറന്നുവിടുകയാണ്.