യൂണിഫോമില്‍ കുത്തിവരച്ചത് ചോദ്യം ചെയ്തു; പ്ലസ് ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം

യൂണിഫോമില്‍ കുത്തിവരച്ചത് ചോദ്യം ചെയ്തു; പ്ലസ് ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം

Update: 2025-06-24 14:00 GMT

പത്തനംതിട്ട: യൂണിഫോമിന് പിന്നില്‍ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് പരാതി. മര്‍ദനത്തില്‍ വിദ്യാര്‍ഥിക്ക് സാരമായി പരിക്കേറ്റു. എഴുമറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ളക്കാണ് (17) പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കി.

സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാര്‍ഥികളും ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷര്‍ട്ടിന് പിന്നില്‍ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ അഭിനവ് ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇന്റര്‍വെല്‍ സമയത്ത് അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ബിന്ദു പറഞ്ഞു.

Similar News