ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു: മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു: മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

Update: 2025-06-26 00:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രപ്രദേശിനും തെക്കന്‍ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്നു വൈകിട്ടോടെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കനത്ത മഴയില്‍ കല്ലാര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. നൂല്‍പ്പുഴ പുഴംകുനി ഉന്നതിയില്‍ വെള്ളംകയറി. എട്ടു പേരെ ക്യാംപിലേക്കു മാറ്റി. കൂടുതല്‍ കുടുംബങ്ങളെ ഉടന്‍ ക്യാംപിലേക്കു മാറ്റും.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലും കോതമംഗലം, ഇരിട്ടി താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജോയിന്റ് ഡയറക്ടര്‍ (പരീക്ഷ) അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Tags:    

Similar News