ഇന്‍സ്റ്റാഗ്രാം പരിചയം: ഒമ്പതാം ക്ലാസുകാരിയെ വെള്ളച്ചാട്ടത്തിലെത്തിച്ച് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍; മാധ്യമങ്ങളില്‍ നിന്ന് ഒളിപ്പിച്ച അറസ്റ്റ് വാര്‍ത്ത ഒരാഴ്ചയ്ക്ക് ശേഷം പുറത്തു വിട്ട് തിരുവല്ല പോലീസ്

അറസ്റ്റ് വാര്‍ത്ത ഒരാഴ്ചയ്ക്ക് ശേഷം പുറത്തു വിട്ട് തിരുവല്ല പോലീസ്

Update: 2025-07-01 15:48 GMT

തിരുവല്ല: പോക്സോ കേസില്‍ യുവാവ് അറസ്റ്റിലായ സംഭവം മാധ്യമങ്ങളില്‍ നിന്നൊളിപ്പിച്ച തിരുവല്ല പോലീസ് ഒടുവില്‍ വാര്‍ത്തയും ചിത്രങ്ങളും പുറത്തു വിട്ടു. പണം വാങ്ങി സ്റ്റേഷനില്‍ വാര്‍ത്ത മുക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയെ അടക്കം ഈ വിഷയത്തില്‍ വാര്‍ത്ത തേടി മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും പല വിധ ന്യായീകരണങ്ങള്‍ നിരത്തി വിഷയം മുക്കാന്‍ ശ്രമിക്കുകയായിരുന്നു. പോക്സോ കേസ് അട്ടിമറി, കസ്റ്റഡി പീഡനം തുടങ്ങി നിരവധി ക്രമക്കേടുകളുടെ പേരില്‍ പഴി കേട്ട് അന്വേഷണം നേരിടുന്ന ജില്ലാ പോലീസ് മേധാവി ഒടുവില്‍ മാധ്യമങ്ങളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു.

നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവം വീട്ടില്‍ സഞ്ജയ് എസ് നായര്‍(23) ആണ് റിമാന്‍ഡിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച പെണ്‍കുട്ടിക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ചതിനും വിളച്ചിറക്കിക്കൊണ്ടു പോയി ലൈംഗികാതിക്രമം കാട്ടുകയും ചെയ്തതിനാണ് ഇയാളെ കഴിഞ്ഞ 21 ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പരിചയപ്പെടുകയും, കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെടുകയും തുടര്‍ന്ന് അശ്ലീല സന്ദേശങ്ങളും മറ്റും അയക്കുകയും ചെയ്തു. തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്ത ശേഷം കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകരം ആവശ്യപ്പെട്ടു.

ഡിസംബറില്‍ ഒരു ദിവസം മാതാപിതാക്കള്‍ അറിയാതെ കുട്ടിയെ കാറില്‍ കയറ്റി തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ എത്തിച്ചശേഷം ദേഹത്ത് കടന്നു പിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ പോലീസ് 20 ന് വൈകിട്ട് മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊടിയാടിയിലെ വീട്ടില്‍ നിന്നും 21 ന് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഫോട്ടോ കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു തിരിച്ചറിഞ്ഞ ശേഷം, വിശദമായ ചോദ്യം ചെയ്ത് 12 ന് അറസ്റ്റ് രേഖപ്പെടുത്തി. വിദഗ്ദ്ധ പരിശോധനക്കായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News