ഭൂമി ഇടിച്ചതിനെ തുടര്‍ന്ന് ചെളിയിറങ്ങി കുടിവെള്ളം മലിനപ്പെട്ടു; പരാതിയുണ്ടായിട്ടും തിരിഞ്ഞ് നോക്കാതെ പഞ്ചായത്ത്; ജലനിധി പദ്ധതിയെ ആശ്രയിക്കുന്ന 30ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

Update: 2025-07-05 07:10 GMT

ഇടുക്കി: സ്വകാര്യ വ്യക്തിയുടെ ഭൂമി ഇടിച്ചതിനെ തുടര്‍ന്ന് ചെളിയിറങ്ങി കുടിവെള്ളം മലിനപ്പെട്ടെന്ന പരാതിയിയുണ്ടായിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. കൊന്നത്തടി പഞ്ചായത്തിലെ കാറ്റാടിപ്പാറ സ്വദേശികളായ 30ഓളം കുടുംബങ്ങളാണ് കുടിവെള്ളം മലിനയമായതിനാല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ജലനിധി പദ്ധതിയിലെ കുടിവെള്ളമാണ് മലിനമായത്. കാറ്റാടിപ്പാറ ജനശ്രീ ജലനിധി പദ്ധതിയുടെ പ്രസിഡന്റാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

പഞ്ചായത്ത് കുളത്തില്‍ നിന്നുമാണ് ജലനിധി പദ്ധതിക്കായി വെള്ളമെടുക്കുന്നത്. അടുത്തിടെയാണ് സ്വകാര്യ വ്യക്തിയുടെ ഭൂമി ഇടിച്ചത്. മഴ പെയ്തതോടെ ചെളി വെള്ളം കുളത്തിലേക്ക് ഒഴുകി. ഇതോടെ വെള്ളം ഉപയോഗശൂന്യമായെന്നാണ് പരാതി. തുടര്‍ന്ന് ഹെല്‍ത്ത് ഉദ്യോഗസ്ഥരെത്തി ക്ലോറിനേഷന്‍ ചെയ്തു. വെള്ളം വീണ്ടും കുളത്തിലേക്ക് ചാടാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ വീണ്ടും മഴ ആരംഭിച്ചപ്പോള്‍ ചെളി കുളത്തിലേക്ക് ഒഴുകിയെന്നാണ് ആരോപണം.

നിലവില്‍ 30 വീട്ടുകാര്‍ക്ക് കുടിവെള്ളം ഇല്ലാത്ത അവസ്ഥയാണ്. കുടുംബങ്ങളുടെ ദുരിതത്തെക്കുറിച്ച് ഭൂമിയുടെ ഉടമയെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ആയതിനാല്‍ ഈ പ്രശ്നത്തില്‍ ഇടപ്പെട്ട് വെള്ളം കുടിക്കാന്‍ യോഗ്യമാക്കി തീര്‍ക്കാന്‍ ആവശ്യമായ കുളത്തിനോട് ചേര്‍ന്നുള്ള ഏലം ക്യഷിക്കായി ഉപയോഗിക്കുന്ന വളവും, കീടനാശിനികളും കുടിവെള്ളം ഉപയോഗശൂന്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    

Similar News