മെത്താഫിറ്റാമിനും കഞ്ചാവുമായി ബസ് യാത്രക്കാരന്‍ പിടിയില്‍; അറസ്റ്റിലായത് കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണി

മെത്താഫിറ്റാമിനും കഞ്ചാവുമായി ബസ് യാത്രക്കാരന്‍ പിടിയില്‍

Update: 2025-07-10 04:07 GMT

സുല്‍ത്താന്‍ബത്തേരി: സംസ്ഥാനാതിര്‍ത്തിയായ പൊന്‍കുഴിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താഫിറ്റാമിനും കഞ്ചാവുമായി ബസ് യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തില്‍ ഹഫ്സല്‍ (30)ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 131.925 ഗ്രാം മെത്താഫിറ്റമിനും 460 ഗ്രാം കഞ്ചാവും പിടികൂടി. ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ ബസില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് ബത്തേരി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാനകണ്ണിയാണ് ഹഫ്സല്‍ എന്നും തിരുവമ്പാടി പോലീസില്‍ മെത്താഫിറ്റമിന്‍ കടത്തിയതിന് കേസുണ്ടെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനാതിര്‍ത്തികളില്‍ പരിശോധന തുടരുമെന്നും ലഹരിമാഫിയക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എ.ജെ. ഷാജി പറഞ്ഞു. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ വി.കെ. മണികണ്ഠന്‍, അസി. ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി. കൃഷ്ണന്‍കുട്ടി, എ.എസ്. അനീഷ്, പി.ആര്‍. വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി. രാജീവന്‍, കെ.എ. അജയ്, കെ.കെ. സുധീഷ്, എം.പി. അഖില, കെ. പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News