ജനിച്ചതിന് പിന്നാലെ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതി; 12 മണിക്കൂറിന് ശേഷം അടക്കത്തിന് തൊട്ടു മുമ്പ് കുഞ്ഞ് കരഞ്ഞു: ആശുപത്രിക്കെതിരെ പരാതി നല്‍കി കുടുംബം
മരിച്ചെന്നുകരുതി കൈമാറിയ നവജാതശിശു 12 മണിക്കൂറിനുശേഷം കരഞ്ഞു
മുംബൈ: ജനിച്ചതിന് പിന്നാലെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് 12 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നു. മരിച്ചെന്ന് ഉറപ്പുവരുത്തി ബന്ധുക്കള്‍ക്ക് കൈമാറിയ നവജാതശിശുവിനാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. അടക്കംചെയ്യുന്നതിന് ഏതാനും നിമിഷംമുന്‍പ് കുഞ്ഞ് ഉച്ചത്തില്‍ കരയുക ആയിരുന്നു. ഉടന്‍തന്നെ രക്ഷിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു. അംബജോഗൈയിലെ സ്വാമി രാമനാഥതീര്‍ഥ ഗവ. ആശുപത്രിയിലാണ് സംഭവം.
ഇക്കഴിഞ്ഞ ജൂലായ് ഏഴിനാണ് സംഭവം. സന്ധ്യയോടെ യുവതി കുഞ്ഞിന് ആശുപത്രിയില്‍ ജന്മംനല്‍കുന്നത്. എന്നാല്‍, എട്ടുമണിയോടെ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയും മൃതദേഹം കൈമാറുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി മൃതദേഹം ഗ്രാമത്തിലേക്കു കൊണ്ടുപോയി. പിറ്റേന്ന് സംസ്‌കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെടുകയും മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പേള്‍ കുഞ്ഞ് കരയുകയുമായിരുന്നു.
നിലവില്‍ സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിന് അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കുടുംബം പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ജനിച്ചശേഷം കുഞ്ഞില്‍ ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 27 ആഴ്ച ഭ്രൂണവളര്‍ച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. ജനിക്കുമ്പോള്‍ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. മരുന്നുകളോട് പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചെന്ന് കരുതിയതെന്ന് ഡോക്ടര്‍ പറഞ്ഞു.