സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ.ജി. ശിവാനന്ദന്‍; നാട്ടിക എംഎല്‍എയെ ഒഴിവാക്കി; ജില്ലാ സമ്മേളനം ബഹിഷ്‌കരിച്ച് സിസി മുകുന്ദന്‍
തൃശൂര്‍: സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ.ജി. ശിവാനന്ദനെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവില്‍ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ.ജി. ശിവാനന്ദന്‍.
ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരേ ജില്ലാ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അദ്ദേഹത്തിനു പകരം വി.എസ്. സുനില്‍ കുമാര്‍, ടി.ആര്‍. രമേഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വിഭാഗം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
അതേസമയം, പാര്‍ട്ടിയുമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായഭിന്നതയില്‍ തുടരുന്ന നാട്ടിക എംഎല്‍എ സി.സി. മുകുന്ദനെ ജില്ലാ കൗണ്‍സിലില്‍ നിന്ന് നേതൃത്വം ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.