പരിശീലനത്തിനായി ബറേലിയിലേക്ക് ട്രെയിനില്‍ പോയ മലയാളി ജവാനെ കാണാനില്ല; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കി കുടുംബം
പരിശീലനത്തിനായി ബറേലിയിലേക്ക് പോയ മലയാളി ജവാനെ കാണാനില്ലെന്ന് പരാതി
ഗുരുവായൂര്‍: പരിശീലനത്തിനായി പോയ ജവാനെ ബറേലിയില്‍ കാണാതായെന്ന് പരാതി. ഗുരുവായൂര്‍ സ്വദേശി ഫര്‍സീന്‍ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആര്‍മി മെഡിക്കല്‍ കോളജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് പോകാന്‍ 9നാണ് ബാന്ദ്രയില്‍നിന്ന് റാംനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കയറിയത്. 10ാം തീയതിവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ല.
ഗുരുവായൂര്‍ എംഎല്‍എയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നല്‍കി. 'ബറേലിയിലേക്കു പരിശീലനത്തിനായി പോയതാണ് ഫര്‍സീന്‍. 10ാം തീയതി രാത്രി മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. പരിശീലനത്തിനും എത്തിയില്ല. ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. മൂന്നു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നത്. വിവാഹിതനാണ്' ബന്ധു ഷഹീര്‍ മാധ്യമങ്ങളോട് പറഞ്ഞു.