കണ്ണൂര്‍ - തലശേരി ദേശീയപാതയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി; ബൈക്ക് യാത്രക്കാരന് അയ്യായിരം രൂപ പിഴ
കണ്ണൂര്‍ - തലശേരി ദേശീയപാതയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി
കണ്ണൂര്‍ : കണ്ണൂര്‍ - തലശേരി ദേശീയപാതയില്‍ ആംബുലന്‍സിന് വഴിമുടക്കിയ ബൈക്ക് യാത്രികന് അയ്യായിരം രൂപ പിഴ ചുമത്തി പൊലിസ്. ഞായറാഴ്ച വൈകിട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ കുതിച്ചു പോവുകയായിരുന്ന ആംബുലന്‍സിന് വഴി മുടക്കിയത്. പഴയങ്ങാടിയില്‍ കുളത്തില്‍ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും വഴി കൊടുക്കാന്‍ തയ്യാറാകാതെ ഇയാള്‍ മുന്‍പില്‍ നിന്നും വട്ടം ചുറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതുകാരണം ഗുരുതരാവസ്ഥയിലായ കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. കുട്ടി ചാലയിലെ സ്വകാര്യ ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ ട്രാഫിക്ക് പൊലിസാണ് ബൈക്ക് യാത്രക്കാരനെ കണ്ടെത്തി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പിഴ ചുമത്തിയത്. ഇയാള്‍ ബോധപൂര്‍വ്വം ആംബുലന്‍സിന്റെ വഴിമുടക്കുകയായിരുന്നുവെന്നാണ് ട്രാഫിക് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് ആംബുലന്‍സിന്റെ വഴി തടഞ്ഞു കൊണ്ട് ഡ്രൈവിങ് നടത്തിയ കാര്‍ യാത്രക്കാരനായ ഡോക്ടര്‍ക്കെതിരെ പൊലിസ് കേസെടുത്ത് പിഴ ചുമത്തിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്.