കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തോക്ക് ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെ നിയോഗിച്ചു; ഒരുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയുമായി ചാലിയാര്‍ ഗ്രാമപഞ്ചായത്ത്
മലപ്പുറം: കര്‍ഷകര്‍ക്ക് ശല്യക്കാരായ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവച്ചുകൊല്ലാന്‍ പദ്ധതിയുമായി ചാലിയാര്‍ ഗ്രാമപഞ്ചായത്ത്. ഇതിനായി തോക്ക് ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെ നിയമിച്ചു. ഇന്ന് മുതല്‍ കാട്ടുപന്നികളെ വെടിവയ്ക്കും. പെരുമ്പത്തൂര്‍, എളമ്പിലാക്കോട്, മുട്ടിയേല്‍ വാര്‍ഡുകളിലാണ് ഇന്ന് രാത്രി കാട്ടുപന്നികളെ വെടിവയ്ക്കുക. ഒരുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിക്കാണ് തുടക്കമാവുക.
എസ്റ്റേറ്റുകളും സ്വകാര്യ സ്ഥലങ്ങളോട് ചേര്‍ന്ന് കൃഷിയിടങ്ങളും ഉള്ളതിനാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ വലിയ തോതില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുകയാണ്. കാട്ടുപന്നി ശല്യം അതിരൂക്ഷമായ ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവയ്ക്കാനുള്ള പഞ്ചായത്ത് നടപടി ജനങ്ങള്‍ക്ക് ആശ്വാസമാകും. കൃഷിയിടങ്ങളിലേക്കും റോഡുകളിലേക്കും എത്തുന്ന പന്നികളെയായിരിക്കും വെടിവയ്ക്കുക.
കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ നേരത്തെ തന്നെ ഗ്രാമപഞ്ചായത്തിന് അധികാരം ലഭിച്ചിരുന്നെങ്കിലും ചാലിയാര്‍ പഞ്ചായത്തില്‍ അത് കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല. കാട്ടുപന്നികള്‍ കൂട്ടത്തോടെ റോഡുകള്‍ മുറിച്ച് കടക്കുകയും വലിയ തോതില്‍ കൃഷിനാശം വരുത്തുകയും ചെയ്തതോടെ കര്‍ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പ്രതിഷേധങ്ങളുടെ ഫലമായാണ് പഞ്ചായത്ത് അധികൃതര്‍ ശക്തമായ നടപടിക്ക് തയ്യാറായത്.