പറവൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ ഓഡിറ്റിങ് നടത്തും; പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ വിദ്യാഭ്യാസ മന്ത്രിയോട് ഇതാണോ ഹൈ ടെക് സ്‌കൂളെന്ന് ചോദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

Update: 2025-07-19 08:15 GMT

കൊച്ചി (പറവൂര്‍): പറവൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ ഓഡിറ്റിങ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്തെ പല സ്‌കൂളുകളിലും പരിതാപകരമായ അവസ്ഥയാണ്. തേവലക്കര സ്‌കൂളിന്റെ സ്ഥിതി വളരെ മോശമാണെന്നാണ് ബാലാവകാശ കമ്മിഷന്‍ പറഞ്ഞിരിക്കുന്നത്. അതിന് എല്ലാവരും ഉത്തരവാദികളാണ്. സ്‌കൂളുകളുടെ ശോച്യാവസ്ഥ മാറ്റാന്‍ സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. അതുകൊണ്ടാണ് സര്‍ക്കാരിന് പ്രതിപക്ഷം കത്ത് നല്‍കിയത്. പറവൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും സുരക്ഷ പരിശോധിക്കുന്നതിന് വേണ്ടിയുള്ള ഓഡിറ്റിങിന് തുടക്കം കുറിച്ചിരിക്കുകയാണ്. അതിനു വേണ്ടി 30 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പെര്‍ഫോമ തയാറാക്കിയിട്ടുണ്ട്. കെട്ടടത്തിന്റെയും ചുറ്റു മതിലിന്റെയും സുരക്ഷ, മരങ്ങള്‍, അടുക്കളയിലെ വൃത്തി, ഭക്ഷവിഷബാധ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയാണ് ഓഡിറ്റ് ചെയ്യുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം സര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവരെക്കൊണ്ട് ചെയ്യിക്കും. ഇതുപോലുള്ള ദാരുണ സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. കുട്ടി മുകളില്‍ കയറാന്‍ പാടില്ലായിരുന്നു അതാണ് അപകട കാരണമെന്നും ഒരു മന്ത്രി പറയുന്നത് ശരിയല്ല. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

വകുപ്പുകള്‍ തമ്മില്‍ ആരോപണം ഉന്നയിക്കുകയല്ല വേണ്ടത്. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതോടെ എല്ലാ അവസാനിച്ചെന്ന് കരുതരുത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. അതുകൊണ്ടാണ് പറവൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ സുരക്ഷ ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചത്. ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. ഇത്തരം ഓഡിറ്റിങ് എല്ലാ യു.ഡി.എഫ് എം.എല്‍.എമാരുടെയും മണ്ഡലത്തില്‍ നടപ്പാക്കാന്‍ ആവശ്യപ്പെടും. വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. അല്ലാതെ പ്രതിപക്ഷത്തിനല്ല. സ്‌കൂളിനെ കുറിച്ച് ബാലാവകാശ കമ്മിഷന്‍ എന്താണ് പറഞ്ഞതെന്ന് മന്ത്രി നോക്കിയാല്‍ മതി. ഹൈ ടെക് സ്‌കൂള്‍ എന്നാണ് മന്ത്രി എല്ലായിടത്തും പ്രസംഗിക്കുന്നത്. ഇതാണോ ഹൈ ടെക് സ്‌കൂളെന്ന് മന്ത്രിയോട് ചോദിക്കുന്നില്ല.

കേരള സര്‍വകലാശാലയിലെ സമരം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല. പ്രശ്നങ്ങള്‍ തീര്‍ക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ തടവിലാക്കപ്പെടുന്നത് കുട്ടികളാണ്. നിസാരമായ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ക്കും പ്രവേശിക്കാനാകാത്ത സ്ഥിതിയുണ്ടാക്കി, ഇതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ അവസ്ഥയെന്ന് പുരപ്പുറത്ത് കയറി ഇരുന്ന് വിളിച്ച് പറയുകയായിരുന്നു സര്‍ക്കാര്‍. അപ്പോഴും പ്രതിപക്ഷം പറഞ്ഞത് പ്രശ്നം പരിഹരിക്കണമെന്നാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരം തുടങ്ങിയപ്പോള്‍ ആ സമരത്തിന്റെ ശ്രദ്ധ തിരിക്കാനാണ് എസ്.എഫ്.ഐക്കാരെക്കൊണ്ട് സമരാഭാസം നടത്തിച്ചത്. ഗവര്‍ണര്‍ക്കെതിരെയാണ് സമരമെങ്കില്‍ എന്തിനാണ് സര്‍വകലാശാലകള്‍ സ്തംഭിപ്പിച്ചതും ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും തല്ലിയത്? സരാഭാസമാണ് നടത്തിയത്. ഇപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ അഞ്ച് മിനിട്ട് പോലും എടുത്തില്ലല്ലോ? പ്രതിപക്ഷം ആവശ്യപ്പെട്ടതില്‍ അവസാനം എത്തിയതില്‍ സന്തോഷമുണ്ട്. ഇവിടെ എല്ലാം കുഴപ്പമാകണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളത്. യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തില്‍ വരാന്‍ പോകുകയാണ്. കേരളം മുഴുവന്‍ കുഴപ്പമാക്കിയിട്ടല്ല ഞങ്ങള്‍ അധികാരത്തിലേക്ക് വരുന്നത്. തെറ്റുകള്‍ ഉണ്ടായാല്‍ അത് ചൂണ്ടിക്കാട്ടും. ഇവിടെ സര്‍ക്കാരും സി.പി.എമ്മും തെറ്റ് ചെയ്തു. എന്നിട്ട് എസ്.എഫ്.ഐക്കാരെ കൊണ്ട് ചുടുചോറ് മാന്തിച്ചു. എന്നിട്ടാണ് ഇപ്പോള്‍ 5 മിനിട്ട് കൊണ്ട് പ്രശ്നം പരിഹരിച്ചത്. ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ച പൊലീസുകാരാണ് എസ്.എഫ്.ഐക്കാരെ ചേര്‍ത്ത് പിടിച്ചത്. സര്‍വകലാശാല മുഴുവന്‍ തല്ലിപ്പൊളിച്ച എസ്.എഫ്.ഐക്കാരെ ഒരു പോറല്‍ പോലും എല്‍പ്പിക്കാതെ പൊലീസുകാര്‍ താഴെയിറക്കുന്ന വാത്സല്യം കണ്ടിട്ട് കേരള പൊലീസിനെ കുറിച്ച് അദ്ഭുതപ്പെട്ടു പോയി.

കോണ്‍ഗ്രസിന്റെ ഫണ്ട് പിരിവിനെ കുറിച്ച് ചോദിക്കുന്ന കൈരളി ടി.വി, വയനാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടി പിരിച്ച 742 കോടി സര്‍ക്കാര്‍ പിരിച്ചതിനെ കുറിച്ച് അന്വേഷിക്കണം. ഇത്രയും പണം ലഭിച്ചിട്ടും വയാട്ടിലെ പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനോ വാടക നല്‍കാനോ ഗുരുതര രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കുള്ള സഹായമോ കുട്ടികള്‍ക്ക് പഠിക്കാനുള്ള സഹായമോ നല്‍കുന്നില്ല. ഞങ്ങളൊക്കെയാണ് എം.എല്‍.എ മുഖേന വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നത്. ബാങ്കില്‍ ഇട്ടിരിക്കുന്ന 742 കോടി ആ പാവങ്ങള്‍ക്ക് നല്‍കാന്‍ പറ. ആകെ 500 കുടുംബങ്ങളെ അവിടെയുള്ളൂ. അവര്‍ക്ക് വേണ്ടിയുള്ള 742 കോടി കിട്ടിയിട്ട് ജൂലൈ 30 ന് ഒരു വര്‍ഷം തികയുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.-സതീശന്‍ പറഞ്ഞു.

Similar News