വികസന സദസ്സുകള്‍ക്ക് തുടക്കം: നാടിന്റെ ഭാവി വികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി
നാടിന്റെ ഭാവി വികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: നാടിന്റെ ഭാവി വികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് വികസന സദസ്സുകളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനം പുതിയ കല്‍വയ്പ്പാണ് നടത്തുന്നത്. കേരളത്തില്‍ ഒരുപാട് വികസന നേട്ടങ്ങളുണ്ടായിട്ടുണ്ട്.
നാടിന്റെ ഭാവി വികസനം എങ്ങനെ വേണമെന്ന് ജനങ്ങളെ ഉള്‍പ്പെടുത്തി തീരുമാനിക്കാനാണ് വികസന സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരോരുത്തരും എന്റെ നാട് എങ്ങനെ വികസിക്കണം എന്ന സങ്കല്‍പം മനസിലുള്ളവരായിരിക്കും. ഇത്തരം പരിപാടികളോട് സമൂഹം ആരോ?ഗ്യകരമായ സമീപനമാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് മുതല്‍ ഒരു മാസത്തേക്കാണ് വികസന സദസ്സും ചര്‍ച്ചകളും നടക്കുക. നാടിന്റെ ഭാവി വികസനത്തിന് ശക്തമായ അടിത്തറ പാകാന്‍ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ വികസനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക പ്രധാന പങ്കുണ്ട്. കേരള രൂപീകരണത്തിന് ശേഷം അധികാര വികേന്ദ്രീകരണത്തില്‍ സംസ്ഥാനത്തിന് നമ്മുടേതായ ചരിത്രമുണ്ട്.
കേരളം സംസ്ഥാനമായതിന് പിന്നാലെ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാരാണ് കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് അടിത്തറയിട്ടത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. രണ്ട് വര്‍ഷം മാത്രമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. എന്നാല്‍ കേരളം അന്ന് മുതല്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കണെമന്നാണ് ചിന്തിച്ചുകൊണ്ടിരുന്നത്. സംസ്ഥാനത്ത് രാജ്യമാകെ ശ്രദ്ധിക്കുന്ന തരത്തില്‍ ജനകീയാസൂത്രണം നടപ്പാക്കാന്‍ കഴിഞ്ഞു. ആസൂത്രണ പ്രക്രിയയിലെ വിപ്ലവകരമായ മാറ്റമാണ് അതുവഴി സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 20വരെയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍തല വികസന സദസ്സുകള്‍. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസനനേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളെ അറിയിക്കാനും ലക്ഷ്യമിടുന്നു. പഞ്ചായത്തുകളില്‍ 250 350 പേരും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 750 1,000 പേരും പങ്കാളികളാകും.
ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും. തദ്ദേശസ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സദസ്സില്‍ പ്രകാശിപ്പിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍, തുടങ്ങിയവയില്‍ പങ്കാളികളായവരെയും ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയവയുടെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും സെക്രട്ടറിമാര്‍ അവതരിപ്പിക്കും. പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ ഓപ്പണ്‍ ഫോറവുമുണ്ടാകും.