പിഴത്തുക കുറയ്ക്കണമെന്ന ആവശ്യവുമായി എത്തിയ യുവാവ് എഎംവിഐയെ ആക്രമച്ചു; പരിക്കേറ്റ എഎംവിഐ ആര്‍. സന്ദീപിന്റെ നെറ്റിയില്‍ നാല് തുന്നലുകള്‍
പിഴത്തുക കുറയ്ക്കണമെന്ന ആവശ്യവുമായി എത്തിയ യുവാവ് എഎംവിഐയെ ആക്രമച്ചു
തിരുവല്ല: വാഹനത്തിന്റെ പിഴത്തുക അടയ്ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടി ഓഫീസില്‍ എത്തിയ യുവാവ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ചു. പത്തനംതിട്ട എന്‍ഫോഴ്മെന്റ് ആര്‍ടിഒയുടെ തിരുവല്ല ഓഫീസിലാണ് സംഭവം. താക്കോല്‍ കൂട്ടം കൊണ്ടുള്ള ആക്രമണത്തില്‍ എഎംവിഐ ആര്‍. സന്ദീപിനാണ് പരിക്കേറ്റത്. സന്ദീപിന്റെ നെറ്റിയില്‍ നാല് തുന്നലുകള്‍ ഉണ്ട്.
തിങ്കളാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട പട്ടൂര്‍പറമ്പില്‍ മാഹിന്‍(31) ആണ് ആക്രമിച്ചത്. ഈരാറ്റുപേട്ട ജോയിന്റ് ആര്‍ടിഓഫീസുമായി ബന്ധപ്പെട്ട ഏജന്റെന്ന് പറഞ്ഞാണ് ഇയാള്‍ എന്‍ഫോഴ്മെന്റ് ഓഫീസില്‍ എത്തിയത്. പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ്, ഒരുവാഹനത്തിന് ചുമത്തിയ പിഴത്തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാഹിന്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഓഫീസ് സമയം കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ ഇയാള്‍ പ്രകോപിതനായി. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറഞ്ഞശേഷം, കൈയില്‍ കരുതിയിരുന്ന താക്കോല്‍ക്കൂട്ടം ഉപയോഗിച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സമീപ ഓഫീസുകളിലെ ജീവനക്കാരും ചേര്‍ന്ന് മാഹിനെ കീഴ്പ്പെടുത്തി തിരുവല്ല പോലീസിന് കൈമാറി. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിന്റെ നെറ്റിയില്‍ നാല് തുന്നലുകള്‍ ഇടേണ്ടിവന്നു.