മണ്ഡലകാലത്ത് ശബരിമലയിലേക്ക് മില്‍മയുടെ നെയ്യ്; ദേവസ്വം ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളിലേക്കും പരിഗണിക്കും
മണ്ഡലകാലത്ത് ശബരിമലയിലേക്ക് മില്‍മയുടെ നെയ്യ്; ദേവസ്വം ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളിലേക്കും പരിഗണിക്കും
തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളില്‍ പ്രസാദം തയ്യാറാക്കാന്‍ മില്‍മയുടെ നെയ്യ് ഉപയോഗിക്കാന്‍ മില്‍മയും ദേവസ്വം ബോര്‍ഡും ധാരണയിലെത്തി. നെയ്യുടെ ഗുണനിലവാരം ഉറപ്പുവരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലും മില്‍മയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതും പരിഗണനയിലാണ്.
ശബരിമലയില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള നെയ്യ് വാങ്ങേണ്ടെന്നും പൊതുമേഖലാസ്ഥാപനമായ മില്‍മയുടേത് മതിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേ തീരുമാനിച്ചിരുന്നു. 2.20 ലക്ഷം ലിറ്റര്‍ നെയ്യാണ് ഒരു തീര്‍ഥാടനകാലത്തേക്ക് ശബരിമലയില്‍ വേണ്ടത്. ലിറ്ററിന് അഞ്ഞൂറ് രൂപയ്ക്കടുത്താണ് വിലയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം റീജണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനാണ് ശബരിമലയിലേക്കുള്ള നെയ്യ് നല്‍കുക.
ദേവസ്വം ക്ഷേത്രങ്ങളില്‍ പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങിയ ഉത്പന്നങ്ങളും മില്‍മയില്‍നിന്നു വാങ്ങണമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മില്‍മ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതും പരിഗണിക്കുന്നുണ്ട്.