ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടു; പണം കണ്ടെത്താന്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കോണ്‍സ്റ്റബിളും സഹായിയും അറസ്റ്റില്‍
പൊലീസ് ഉദ്യോഗസ്ഥയുടെ 30 പവൻ കവർന്ന പൊലീസുകാരനും സഹായിയും അറസ്റ്റില്‍
ചെന്നൈ: സഹപ്രവര്‍ത്തകയുടെ വസതിയില്‍ നിന്നും 30 പവന്‍ സ്വര്‍ണം മോഷ്ടിച്ച പോലിസ് കോണ്‍സ്റ്റബിളും സഹായിയും അറസ്റ്റില്‍. തിരുനെല്‍വേലിയില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഇവര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സഹപ്രവര്‍ത്തകനായ പോലിസ് കോണ്‍സ്റ്റബിളും കൂട്ടാളിയും പിടിയിലായത്.
തിരുനെല്‍വേലി സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ തങ്കമാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ സായുധ സേനാ കോണ്‍സ്റ്റബിള്‍ മണികണ്ഠന്‍, സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. തങ്കമാരിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പെരുമാള്‍പുരം പൊലീസ്, സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മണികണ്ഠനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.
മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീന് കൈമാറുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ മോഷണം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.