അതുല്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും; സതീഷിനെ കൊണ്ടു വരാന്‍ ലുക്ക് ഔട്ട് നോട്ടീസ്

Update: 2025-07-30 06:53 GMT

കൊല്ലം: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണത്തില്‍ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഷാര്‍ജയില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും ജീവനൊടുക്കിയതെന്നായിരുന്നു കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.പിന്നാലെയാണ് അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നത്.

സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം. സതീഷ് ശങ്കറെ നാട്ടിലെത്തിക്കാന്‍ പോലീസ് നടപടികള്‍ എടുക്കും. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

Tags:    

Similar News