മുണ്ടക്കൈ-പുത്തുമല: 49 പേര്‍ക്ക് കൂടി വീട്; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും; ആകെ 451 പേര്‍ക്ക് വീട്; പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്ക് 6 കോടി കൂടി; ദുരന്ത സ്മാരകം നിര്‍മ്മിക്കാന്‍ 93.93 ലക്ഷം

മുണ്ടക്കൈ-പുത്തുമല: 49 പേര്‍ക്ക് കൂടി വീട്

Update: 2025-07-30 13:38 GMT

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-പുത്തുമല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 49 പേര്‍ക്ക് കൂടി വീട് നല്‍കാന്‍ ഇന്ന് (ജൂലൈ 30) ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ദുരന്തത്തില്‍ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. ഇതിന് പുറമെ തുടര്‍ചികിത്സ വേണ്ടവരുടെ ചികിത്സയ്ക്കുള്ള പണം ഡിസംബര്‍ 31 വരെ അനുവദിക്കാനും ഈ യിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 6 കോടി രൂപ അനുവദിച്ചും തീരുമാനമായി.

ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികദിനമായ ബുധനാഴ്ച മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കവേ

റവന്യു മന്ത്രി കെ രാജനാണ് ഇതറിയിച്ചത്.

ഇതോടെ ആകെ പുനരധിവാസ പട്ടികയില്‍ ഉള്ള ഗുണഭോക്താക്കളുടെ എണ്ണം 451 ആയി. നേരത്തെ 402 പേര്‍ക്ക് എല്‍സ്റ്റണിലെ ടൗണ്‍ഷിപ്പില്‍ വീട് അനുവദിച്ചിരുന്നു. ദുരന്തത്തിന്റെ സ്മാരകം പുത്തുമല ഹൃദയഭൂമിയില്‍ നിര്‍മ്മിക്കും. ഇതിന് 93.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിര്‍മാണം തുടങ്ങും.

വീടിനായുള്ള ഗുണഭോക്തൃ പട്ടികയില്‍ അപേക്ഷ നല്‍കിയവരില്‍ 100 ലേറെ പേരുടെ ഹിയറിങ്ങ് കഴിഞ്ഞെന്നും ഇനി പരിശോധന കൂടി നടത്തിയശേഷം അര്‍ഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പട്ടികപ്രകാരം ഉള്‍പ്പെടുത്തുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉള്‍പ്പെടാന്‍ കഴിയാത്തവരെ ദുരന്ത അതിജീവിതര്‍ക്കുള്ള മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഫീല്‍ഡ് തല പരിശോധന ഓഗസ്റ്റ് മാസം തന്നെ തുടങ്ങും.

ദുരന്തമേഖലയിലെ ആദിവാസി വിഭാഗത്തിന്റെ പുനരധിവാസത്തിനായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല പുതിയ വില്ലേജില്‍ സര്‍ക്കാര്‍ കണ്ടെത്തിയ അഞ്ച് ഹെക്ടര്‍ ഭൂമിയുടെ ആര്‍ ഒ ആര്‍ (റെക്കോര്‍ഡ് ഓഫ് റൈറ്‌സ്) ലഭ്യമാക്കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. 13 കുടുംബങ്ങള്‍ക്കാണ് ഇവിടെ വീടുകള്‍ ഉയരുക. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളുമാണ് സെറ്റില്‍മെന്റിന്റെ ഭാഗമാകുന്നത്. ഓരോ കുടുംബത്തിനും വീടും 10 സെന്റ് ഭൂമിയും നല്‍കും.

വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ട പരിഹാരത്തിന്റെ കണക്ക് ജില്ലാ ഭരണകൂടവും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ട സമിതി തിട്ടപ്പെടുത്തും.

കനത്ത മഴ തടസ്സം സൃഷ്ടിച്ചില്ലെങ്കില്‍ ഈ വരുന്ന ഡിസംബര്‍ 31 ആകുമ്പോഴേക്കും ടൗണ്‍ഷിപ്പില്‍ മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി രാജന്‍ ഉറപ്പ് നല്‍കി. വെറും മൂന്നര മാസം കൊണ്ടാണ് മാതൃക വീട് പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 4 ന് സര്‍ക്കാര്‍ എല്‍സ്റ്റണിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഉടമകള്‍ കോടതിയെ സമീപിച്ചതിനാല്‍ ഈ വര്‍ഷം ഏപ്രില്‍ 13 ന് മാത്രമാണ് നിര്‍മാണം തുടങ്ങാന്‍ സാധിച്ചത്.

ഏത് തരത്തിലുള്ള സോഷ്യല്‍ ഓഡിറ്റിങ്ങിനും വിധേയമാകും വിധമുള്ള, അതിജീവിതരെ ചേര്‍ത്തുപിടിച്ചുള്ള സമഗ്ര പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുറവുകള്‍ ഉണ്ടാകാം. അതെല്ലാം ചര്‍ച്ച ചെയ്യാം. എല്ലാം പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്ര, സംസ്ഥാന സേനകള്‍ എത്തുന്നതിന് മുന്‍പ് അസാധ്യ രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ച് മറുകരയില്‍ എത്തിച്ച പ്രദേശത്തെ ജനങ്ങളുടെ പ്രവര്‍ത്തനത്തെ അധ്യക്ഷ പ്രസംഗത്തില്‍ റവന്യു മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ടി സിദ്ധിക്ക് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മറ്റ് തദ്ദേശ സ്ഥാപന ജനപ്രതിനികള്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ്ബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, ഡോ. ജോയ് ഇളമണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News