വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നം; നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഡിസംബറില്‍ തുടങ്ങും; വന്ദേഭാരതിനും ഇന്റര്‍സിറ്റിക്കും സ്റ്റോപ്പ്
നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഡിസംബറില്‍ തുടങ്ങും
കൊച്ചി: മധ്യകേരളത്തിലെ വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. ഈ വര്‍ഷം ഡിസംബറില്‍ നിര്‍മാണത്തിന് തുടക്കമിട്ട് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ പദ്ധതി.
നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള സോളാര്‍ പാടത്തോട് ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുക. 24 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താവുന്ന തരത്തില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള സ്റ്റേഷനാണ് നെടുമ്പാശ്ശേരിയില്‍ നിര്‍മിക്കുക. അത്താണി ജങ്ഷന്‍-എയര്‍പോര്‍ട്ട് റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപത്ത് നിന്നാണ് പ്ലാറ്റ്‌ഫോം ആരംഭിക്കുക.
ഹൈലെവല്‍ പ്ലാറ്റ്‌ഫോം, ഫുട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി അടക്കം സൗകര്യങ്ങള്‍ ഉണ്ടാകും. ചൊവ്വര-നെടുവണ്ണൂര്‍ -എയര്‍പോര്‍ട്ട് റോഡിലാവും സ്റ്റേഷന്റെ പ്രധാന കവാടം. 'കൊച്ചിന്‍ എയര്‍പോര്‍ട്ട്' എന്ന പേര് ശിപാര്‍ശ ചെയ്തിട്ടുള്ള റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാവും. വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരെ ഇലക്ട്രിക് ബസുകളില്‍ എത്തിക്കും. 19 കോടി രൂപയാണ് നിര്‍മാണചെലവ്.
2010ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാറില്‍ ഇ. അഹമ്മദ് മന്ത്രിയായിരിക്കെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന് നിര്‍മാണ അനുമതി നല്‍കിയത്. ശിലാസ്ഥാപനം നടത്തിയെങ്കിലും പിന്നീട് റെയില്‍വേ പദ്ധതി ഉപേക്ഷിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കേരളാ സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പദ്ധതി ശ്രദ്ധയില്‍പ്പെടുത്തി.
റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. തുടര്‍ച്ചയായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതെന്ന് ബെന്നി ബഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു.