വിമാനം പറക്കാന്‍ തയ്യാറെടുക്കവെ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കരച്ചില്‍; പരിഭ്രാന്തനായ യുവാവിനെ മര്‍ദിച്ച് സഹയാത്രികന്‍: മര്‍ദിച്ചയാളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ട് ഇന്‍ഡിഗോ

വിമാനത്തിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് കരച്ചിൽ; പരിഭ്രാന്തി സൃഷ്ടിച്ച് യുവാവിനെ സഹയാത്രികൻ മർദ്ദിച്ചു

Update: 2025-08-02 01:38 GMT

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് സഹയാത്രികന്റെ മര്‍ദനം. മുംബൈ-കൊല്‍ക്കത്ത വിമാനത്തിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിച്ച സഹയാത്രകിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. മുംബൈയില്‍ നിന്ന് വിമാനം പറക്കാന്‍ തയ്യാറെടുക്കവെയാണ് പരിഭ്രാന്തനായ യുവാവ് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയത്. പരിഭ്രാന്തനായ ഇയാള്‍ കരയുകയും ഇടനാഴിയിലൂടെ നടക്കുകയുമായിരുന്നു.

തന്റെ സീറ്റിനു മുന്നിലുടെ യുവാവ് കരഞ്ഞ് കൊണ്ടു നടന്നുപോകുമ്പോള്‍ ഒരു യാത്രക്കാരന്‍ പരിഭ്രാന്തനായ ഈ യുവാവിനെ മര്‍ദ്ദിക്കുക ആയിരുന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിഭ്രാന്തനായ യുവാവിനെ രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പരിചരിക്കുകയും വിമാനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. യുവാവിനു പാനിക് അറ്റാക്ക് സംഭവിച്ചതാണെന്നും വെള്ളം കൊണ്ടുവരാന്‍ എയര്‍ ഹോസ്റ്റസ് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് വിഡിയോ പകര്‍ത്തിയത്.

സഹയാത്രികന്‍ മര്‍ദിക്കുമ്പോള് 'സര്‍, ദയവായി ഇത് ചെയ്യരുത്' എന്ന് എയര്‍ ഹോസ്റ്റസ് മര്‍ദ്ദിച്ച വ്യക്തിയോട് പറയുന്നത് വിഡിയോയില്‍ കാണാം. എന്തിനാണ് നിങ്ങള്‍ അവനെ അടിച്ചതെന്ന് വിഡിയോ റെക്കോര്‍ഡ് ചെയ്ത ആളും ചോദിക്കുന്നുണ്ട്. അവന്‍ കാരണമാണ് ഞങ്ങള്‍ പ്രശ്‌നം നേരിടുന്നത് എന്നായിരുന്നു മര്‍ദ്ദിച്ച വ്യക്തിയുടെ മറുപടി. നമ്മളെല്ലാവരും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്, പക്ഷേ അവനെ അടിക്കുകയല്ല ചെയ്യേണ്ടതെന്നാണ് യാത്രക്കാരില്‍ ചിലര്‍ തല്ലിയ വ്യക്തിയോട് പറഞ്ഞത്.

അതേസമയം യുവിവാനെ തല്ലിയ സഹയാത്രികനെ തള്ളി ഇന്‍ഡിഗോ പ്രസ്താവനയിറക്കി. ഇത്തരം പെരുമാറ്റം പൂര്‍ണമായും അസ്വീകാര്യമാണെന്നും തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും അന്തസും അപകടപ്പെടുത്തുന്ന ഏതൊരു നടപടിയെയും ശക്തമായി അപലപിക്കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. യുവാവിനെ മര്‍ദ്ദിച്ച വ്യക്തിയെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറിയെന്നും ഇന്‍ഡിഗോ അറിയിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച്, ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളെയെല്ലാം വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Similar News