'അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്തിന്'? വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍
വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് സജി ചെറിയാന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ അഭിപ്രായം എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഉള്‍ക്കൊള്ളണം. ഈ വേദി എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ ഉള്ളതാണ്. മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് വേറെ ധാരണയില്‍ അല്ലെന്നും ആവശ്യമായ ട്രെയിങ് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു. ട്രെയിനിങ്ങിലൂടെ നല്ല സിനിമകള്‍ ഉണ്ടാകണം. അതിന് ട്രെയിങ് കൊടുക്കുമെന്ന് താന്‍ പറഞ്ഞു. സിനിമ എടുക്കാന്‍ നല്ല പണം വേണം. അതിനാണ് സര്‍ക്കാര്‍ ഒന്നരക്കോടി കൊടുക്കുന്നതെന്നും നാല് സിനിമകള്‍ ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നല്‍കണമെന്ന് അടൂര്‍ സിനിമാ കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞതാണ് വിവാദമായത്. സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ പൈസ കൊടുക്കുന്നത് ഒരു രീതിയിലുമുള്ള പ്രോത്സാഹനമല്ല. മൂന്ന് മാസത്തെ ആഴത്തിലുള്ള പരിശീലനം നല്‍കിയിട്ട് മാത്രമേ അവര്‍ക്ക് സിനിമ നിര്‍മിക്കാന്‍ അവസരം നല്‍കാവൂ എന്നും ഇത് ജനങ്ങളുടെ നികുതി പണമാണെന്നും അടൂര്‍ പറഞ്ഞിരുന്നു.