പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച കേസില്‍ വൈദ്യുതിക്കെണി സ്ഥാപിച്ച ആള്‍ അറസ്റ്റില്‍

പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച കേസില്‍ വൈദ്യുതിക്കെണി സ്ഥാപിച്ച ആള്‍ അറസ്റ്റില്‍

Update: 2025-08-04 10:27 GMT

കോഴിക്കോട്: പശുക്കടവ് കോങ്ങോടു മലയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പശുക്കടവ് ചീരമറ്റം ദിലീപ് എന്ന ലിനീഷാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കുന്നതിനായി ലിനീഷ് ശ്രമിച്ചതായും കണ്ടെത്തി. പശുക്കടവിലെ കോങ്ങാട് ചൂളപ്പറമ്പില്‍ ബോബി(43)യെയും വളര്‍ത്തുപശുവിനെയും ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.

കേഴമാനിനെ പിടികൂടുന്നതിനായി ലിനീഷ് സ്ഥാപിച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റാണ് ബോബി മരിച്ചതെന്നും ചത്ത പശുവിന് ഷോക്കേറ്റത് ഇതേ കെണിയില്‍ നിന്നാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഇയാളെ പശുക്കടവിലെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയില്‍ വൈദ്യുതി കെണിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നേരത്തെയും വന്യമൃഗങ്ങളെ വേട്ടയാടിയ കേസില്‍ പ്രതിയാണ് അറസ്റ്റിലായ ലിനീഷ്.

വെള്ളിയാഴ്ച വൈകീട്ടാണ് ബോബിയെ കാണാതായത്. വന്യജീവി ആക്രമണത്തിനിരയായോ എന്നായിരുന്നു ആദ്യസംശയം. നാട്ടുകാര്‍, പോലീസ്, അഗ്‌നിരക്ഷാസേന, വനംവകുപ്പ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വീടിനുസമീപത്തെ കൊക്കോ തോട്ടത്തിലാണ് ബോബിയുടെയും പശുവിന്റെയും മൃതദേഹം കണ്ടത്.

ബോബിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ചൂളപ്പറമ്പില്‍ ഷിജുവാണ് ബോബിയുടെ ഭര്‍ത്താവ്. മക്കള്‍: ഷിജിന (നഴ്സിങ് വിദ്യാര്‍ഥി, ബെംഗളൂരു), ഷിബിന്‍ (പ്ലസ്ടു വിദ്യാര്‍ഥി), എയ്ഞ്ചല്‍.

Similar News