സോഫ്റ്റ്വേര്‍ തകരാര്‍; രാജ്യമെങ്ങും തപാല്‍ സേവനം മുടങ്ങി: പ്രശ്‌നപരിഹാരത്തിന് ആഴ്ചകള്‍ എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
സോഫ്റ്റ്വേര്‍ തകരാര്‍; രാജ്യമെങ്ങും തപാല്‍ സേവനം മുടങ്ങി: പ്രശ്‌നപരിഹാരത്തിന് ആഴ്ചകള്‍ എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: സോഫ്റ്റ്വേറിലുണ്ടായ തകരാറുകള്‍മൂലം രാജ്യവ്യാപകമായി തപാല്‍സേവനങ്ങള്‍ തടസ്സപ്പെട്ടു. തപാല്‍വകുപ്പ് വികസിപ്പിച്ച അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്‌നോളജി 2.0 (എപിടി 2.0) എന്ന സോഫ്റ്റ്വേര്‍ രാജ്യവ്യാപകമായി റോള്‍ഔട്ട് പൂര്‍ണമായത് കഴിഞ്ഞദിവസമാണ്. തപാല്‍ ഉരുപ്പടികളുടെ വിതരണം, ബുക്കിങ്, ഇന്‍ഷുറന്‍സ് അടയ്ക്കല്‍, തപാല്‍ ബാങ്കിങ്, ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് തുടങ്ങി വകുപ്പിലൂടെയുള്ള ഒട്ടുമിക്ക സേവനങ്ങളും തടസ്സപ്പെട്ടു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തപാല്‍സേവനങ്ങള്‍ സ്തംഭിച്ചു.
പുതിയ സോഫ്റ്റ്വേര്‍ സംവിധാനം ചിലയിടങ്ങളില്‍ ശരിയായി വരുന്നതിനിടെ തിങ്കളാഴ്ച രാജ്യവ്യാപകമായി ഇത് റോള്‍ഔട്ട് ആയതോടെ ആകെ കുരുങ്ങുകയായിരുന്നു. കേന്ദ്ര സെര്‍വറിന്റെ ശേഷിക്കുറവാണ് പ്രധാനപ്രശ്‌നം. പുതിയ സോഫ്റ്റ്വേറിലേക്ക് മാറുന്നതുമായിബന്ധപ്പെട്ട് ഒരുമാസമായി പല തപാല്‍ ഡിവിഷനുകളിലും പ്രതിസന്ധികളുണ്ടായിരുന്നു. ഈ ആഴ്ച ആദ്യംമുതല്‍ അത് രാജ്യവ്യാപകമായി.
തപാല്‍വകുപ്പ്തന്നെ വികസിപ്പിച്ചതാണ് അഡ്വാന്‍സ് പോസ്റ്റല്‍ ടെക്‌നോളജി 2.0 (അജഠ 2.0) എന്ന സംവിധാനം. മുന്‍പ് ഉപയോഗിച്ചിരുന്ന എസ്എപിയില്‍ നിന്ന് മാറി പുതിയ സംവിധാനത്തിലേക്ക് എത്തുന്നതുകൊണ്ടുള്ള പ്രശ്‌നമാണ്, വേഗം ശരിയാകുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആഴ്ചകളെടുക്കുമെന്നാണ് അറിയുന്നത്.
പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം ആയതിനാല്‍ കമ്പ്യൂട്ടറിലൂടെ അല്ലാതെ ഇടപാടുകള്‍ ഒന്നും നടത്താനാകുന്നില്ല. തപാല്‍ ഓഫീസുകളില്‍ ഉരുപ്പടികള്‍ സീകരിക്കാനോ ബ്രാഞ്ച് ഓഫീസുകള്‍ക്ക് ചേര്‍ത്ത് നല്‍കാനോ വിതരണംചെയ്യാനോ ഒന്നും കഴിയാതെ കെട്ടിക്കിടക്കുകയാണ്. പുതിയ സംവിധാനം സങ്കീര്‍ണ്ണമായതിനാല്‍ ജീവനക്കാര്‍ അത് പഠിച്ചുവരികയും വേണം.