ഭാര്യയുമായി വഴക്കിട്ട് വീടുവീട്ടിറങ്ങിയ ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ മരിച്ചനിലയില്‍; വയറ്റില്‍ സ്‌ഫോടകവസ്തു ദേഹത്തുകെട്ടി തീകൊളുത്തി പൊട്ടിച്ചു
കോട്ടയത്ത് ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാട് ഐരാറ്റുനട സ്വദേശി ഡി.റെജി (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവച്ച ശേഷം പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രി ഇയാള്‍ വീടുവിട്ട് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 11.30ഓടെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് ഉഗ്രശബ്ദം കേള്‍ക്കുകയായിരുന്നു.
കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ആണ് വയറ്റില്‍ കെട്ടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌ഫോടനത്തില്‍ വയറ് തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നീണ്ടൂരിലെ ഇളയ മകന്റെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റെജി വീട്ടിലെത്തിയത്. തുടര്‍ന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.
വീടിന്റെ പിന്നിലെ പുരയിടത്തില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ട് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് വയറ് തകര്‍ന്ന നിലയില്‍ റെജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ വിവരം മണര്‍കാട് പൊലീസില്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മക്കള്‍: സുജിത്ത്, സൗമ്യ.