'ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം; പെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം'; ശുചിമുറി ഉപയോഗ ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

ശുചിമുറി ഉപയോഗ ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

Update: 2025-08-13 13:26 GMT

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്‌നം ഉണ്ടെങ്കില്‍ മാത്രമേ തടയാവൂ. അധികാരം സ്ഥാപിച്ച് ബോര്‍ഡ് സ്ഥാപിക്കരുതെന്ന് എതിര്‍കക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും യാത്രക്കാര്‍ക്കും സമാനമായ പ്രവേശനം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ്‌ലറ്റുകളായി കണക്കാക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പെട്രോള്‍ പമ്പിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിലാണ് പുതിയ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ടോയ്‌ലറ്റുകള്‍ പൊതു ടോയ്‌ലറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇന്ന് ഉത്തരവ് ഭേദഗതി ചെയ്തത്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020ല്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.

Similar News