ഹൈക്കോടതിയില്‍ മരപ്പട്ടി ശല്യം; ഹാളില്‍ മൂത്രമൊഴിച്ചു; ദുര്‍ഗന്ധം കാരണം ഇരിക്കാന്‍വയ്യ; കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്

Update: 2025-08-19 07:48 GMT

കൊച്ചി: മരപ്പട്ടി ശല്യത്തെ തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്. ഹൈക്കോടതിയുടെ ഒന്നാം നമ്പര്‍ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. ഇന്നലെ രാത്രി കോടതി മുറിക്കുള്ളിലെ സീലിങ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതി ഹാളില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധം പരന്നു. അഭിഭാഷകര്‍ ഇരിക്കുന്ന പ്രദേശത്തായിരുന്നു ഇത്.

രാവിലെ അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റ ബെഞ്ച് ഇന്നത്തെ സിറ്റിങ് അവസാനിപ്പിക്കുകയായിരുന്നു. ബാക്കി കേസുകള്‍ മറ്റു ദിവസങ്ങളിലേക്കു മാറ്റി. കോടതി മുറിയില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാലാണ് ഇന്നത്തേക്ക് സിറ്റിങ് നിര്‍ത്തിവച്ചത്.

കനത്ത ദുര്‍ഗന്ധമാണ് അഭിഭാഷകര്‍ ഇരിക്കുന്നിടത്ത് ഉള്ളത്. കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്.

മരപ്പട്ടി പ്രവേശിച്ച വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഇന്നലെ രാത്രി മൂന്നു കിലോയോളം ഭാരമുള്ള മരപ്പട്ടിയെ പിടികൂടിയിരുന്നു. എന്നാല്‍ മരപ്പട്ടിയുടെ മൂത്രഗന്ധം മുറിയില്‍നിന്ന് വിട്ടുമാറിയിരുന്നില്ല.

Similar News