കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം; സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കയക്കും

Update: 2025-08-19 08:42 GMT

കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം. പനി ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, ഇളയ സഹോദരനായ ഏഴ് വയസുകാരനാണ് പുതുതായി രോഗ ലക്ഷണം. പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്രവ സാംപിള്‍ കഴിഞ്ഞ ദിവസം മൈക്രോ ബയോളജി ലാബില്‍ പരിശോധിച്ചെങ്കിലും റിസള്‍ട്ട് നെഗറ്റീവായിരുന്നു. കുട്ടിയുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കയക്കും. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വ്യാഴാഴ്ചയാണ് നാലാം ക്ലാസുകാരി അനയ മരിച്ചത്.

ഇന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നട്ടെല്ലില്‍ നിന്നു സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുന്‍പ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തെ ജലാശയങ്ങളില്‍ ആരോഗ്യ വകുപ്പ് ക്ലോറിനേഷന്‍ നടത്തിയിരുന്നു. അനയ പഠിച്ച സ്‌കൂളില്‍ ഇന്നലെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററില്‍ തുടരുകയാണ്. കുഞ്ഞിന്റെ വീട് ഉള്‍പ്പെടുന്ന ഓമശ്ശേരിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. രോഗം സ്ഥിരീകരിച്ച 49 വയസുകാരനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Similar News