കൊച്ചറ ബിവറേജസിനെ വിടാതെ പിന്തുടര്‍ന്ന് വിജിലന്‍സ്; ഔട്ട്ലെറ്റില്‍ മിന്നല്‍ പരിശോധന; ഇടനിലക്കാരുടെ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത അരലക്ഷം കണ്ടെത്തി

കൊച്ചറ ബെവ്കോ ഔട്ട്ലെറ്റില്‍ കണക്കില്‍പ്പെടാത്ത അരലക്ഷം

Update: 2025-08-21 15:00 GMT

കൊച്ചറ (ഇടുക്കി): മദ്യ കമ്പനികളുടെ ഇടനിലക്കാര്‍ പണവുമായി എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് കൊച്ചറ ബെവ്കോ ഔട്ട്ലെറ്റില്‍ മിന്നല്‍ പരിശോധന നടത്തി. ജീവനക്കാര്‍ക്ക് കൈമാറാനായി കൊണ്ടുവന്ന 50,000 രൂപ ഇടനിലക്കാര്‍ എത്തിയ വാഹനത്തില്‍ നിന്നാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് സംഘം എത്തിയത്. പണവുമായി എത്തിയ ഇടനിലക്കാരെ ഔട്ട്ലെറ്റിന് സമീപം വാഹനത്തില്‍ തടഞ്ഞു. വിജിലന്‍സിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഈ സമയം ഔട്ട്ലെറ്റിലെ ജീവനക്കാരനും വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നു.

കൊച്ചറ ഔട്ട്ലെറ്റില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിരുന്നു. ഒരു മാസം മുന്‍പാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വകുപ്പുതല നടപടി സ്വീകരിക്കണമെന്ന നിര്‍ദേശമുള്ള ഈ റിപ്പോര്‍ട്ട് ഓഡിറ്റ് വിഭാഗം തടഞ്ഞു വച്ചെന്നാണ് ആരോപണം. വ്യാപക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെ തുടര്‍ന്നാണ് ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഔട്ട്ലെറ്റില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം ജീവനക്കാരന്റെ കാറില്‍ നിന്നും പിടികൂടിയിരുന്നു.

ബെവ്കോ ഔട്ട്ലെറ്റില്‍ അഴിമതി എക്സൈസിന്റെ അറിവോടെ

കൊച്ചറ ഔട്ട്ലെറ്റില്‍ നടക്കുന്ന അഴിമതികള്‍ക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് ആരോപണം. നിയമപ്രകാരം വെയര്‍ ഹൗസില്‍ നിന്ന് ഔട്ട്ലെറ്റില്‍ മദ്യം ഇറക്കുമ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്നിഹിതരാകണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ അത്പാലിക്കപ്പെടുന്നില്ല.

ഇതുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ തന്നെ എക്സൈസ് ഓഫീസില്‍ എത്തിച്ച് ഒപ്പിടുവിക്കുകയാണ് പതിവ്. മേഖലയില്‍ പരിശോധനകള്‍ക്ക് എത്തുമ്പോള്‍ വിവരം ഔട്ട്ലെറ്റില്‍ മുന്‍കൂട്ടി അറിയിക്കുമെന്നും പറയപ്പെടുന്നു. ഇതിനായി മുന്തിയ ഇനത്തിലുള്ള രണ്ട് ബോട്ടില്‍ മദ്യം എക്സൈസ് ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.


Tags:    

Similar News