രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ ഒത്തുതീര്‍പ്പ്; ഉമാ തോമസിനെതിരെ വ്യക്തിഹത്യ നടത്തുന്നത് കോണ്‍ഗ്രസ് അണികളെന്ന് എം ബി രാജേഷ്

Update: 2025-08-25 04:44 GMT

പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ഒത്തുതീര്‍പ്പെന്ന് മന്ത്രി എം ബി രാജേഷ്. ആരോപണം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് ഇര പറഞ്ഞതാണല്ലോയെന്നും മന്ത്രി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു.

ഉമാ തോമസ് എംഎല്‍എക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് കോണ്‍ഗ്രസ് അണികളാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയല്ലെ ഇത് നടക്കുന്നത് അതിനെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് 6 മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരും. ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു.

എന്നാല്‍ ഇന്നലെ സ്വയം പ്രതിരോധം തീര്‍ത്ത് രാജിക്കില്ലെന്ന സൂചന നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കണ്ടു. ഒടുവിലാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും സൂചനയുണ്ട്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചിരുന്നു.

Similar News