സി എസ് ഐ മലബാര്‍ മഹായിടവകയില്‍ രണ്ട് വനിതകള്‍ വൈദികരാകുന്നു; ചരിത്രത്തില്‍ ആദ്യം; കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ഡീക്കണ്‍ പദവി നല്‍കും; 'അമ്മ' എന്ന് അഭിസംബോധന ചെയ്‌തേക്കും
സി എസ് ഐ മലബാര്‍ മഹായിടവകയില്‍ രണ്ട് വനിതകള്‍ വൈദികരാകുന്നു
കോഴിക്കോട്: സി എസ് ഐ സഭയുടെ മലബാര്‍ മഹായിടവകയില്‍ ആദ്യമായി വനിതകള്‍ വൈദിക സ്ഥാനത്തേയ്ക്ക്. പത്തനംതിട്ട റാന്നി സ്വദേശിനി സജു മേരി അബ്രഹാം, വയനാട് മേപ്പാടി നെടുങ്കരണ സ്വദേശി നിംഷി ഡേവിഡ് എന്നിവര്‍ക്ക് സെപ്തംബര്‍ 18ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ഡീക്കണ്‍ പദവി നല്‍കും. കൊച്ചി മഹായിടവകയില്‍ നിലവില്‍ മൂന്നുപേരുണ്ട്. ഇവര്‍ക്കൊപ്പമാണ് മലബാര്‍ മഹായിടവകയില്‍ നിന്നുള്ള രണ്ടുപേര്‍ കൂടി വൈദികവൃത്തിയിലേക്ക് എത്തുന്നത്.
കേരളത്തിലെ ആറ് മഹായിടവകകളില്‍ ഇതുവരെ നാലുപേരാണ് വൈദിക പദവിയിലെത്തിയ വനിതകള്‍. ദക്ഷിണകേരള മഹായിടവകയിലെ വനിതാ വൈദിക വിരമിച്ചു. സിഎസ്ഐ പാസ്റ്ററല്‍, മിനിസ്റ്റിരീയല്‍, എക്‌സിക്യുട്ടീവ് കമ്മിറ്റികളുടെ അംഗീകാരത്തോടെയാണ് നിയമനം. ഒരുവര്‍ഷം ഡീക്കണ്‍ പദവിയില്‍ തുടര്‍ന്നാല്‍ വൈദികരായി നിയമനം നല്‍കും.
തിരുവനന്തപുരം കേരള യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപികയാണ് 52കാരി സജുമേരി അബ്രഹാം. ഫിസിക്‌സിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദവുമുണ്ട്. ഗവേഷണം പൂര്‍ത്തിയാക്കിയശേഷം സേലം ബേഥേല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അലഹാബാദ് ബിബ്ലിക്കല്‍ സ്റ്റഡീസ് സെമിനാരിയിലും അധ്യാപികയായിരുന്നു. വൈദികന്‍ റവ. റെജി ജോര്‍ജ് വര്‍ഗീസാണ് ഭര്‍ത്താവ്. ജോവന്‍ മേരി ജോര്‍ജ്, ജോവാഷ് വര്‍ഗീസ് ജോര്‍ജ് എന്നിവരാണ് മക്കള്‍.
മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഫിലോസഫിയില്‍ ബിരുദം നേടിയയാളാണ് 25കാരി നിംഷി ഡേവിഡ്. ചെന്നൈ ഗുരുകുല്‍ ലൂഥറന്‍ തിയോളജിക്കല്‍ കോളേജില്‍നിന്ന് ദൈവശാസ്ത്രത്തിലും ബിരുദം നേടി. നെടുങ്കരണ സെന്റ് പോള്‍സ് സിഎസ്ഐ പള്ളി വികാരി ഡേവിഡ് സ്റ്റീഫന്റെയും അന്നകലയുടെയും മകളാണ്.
അഭിസംബോധന ജെന്‍ഡര്‍ ന്യൂട്രല്‍ ആയേക്കും
വൈദികരെ അച്ചനെന്നാണ് വിശ്വാസികളും പൊതുസമൂഹവും ബഹുമാനപൂര്‍വം പൊതുവെ വിളിക്കാറ്. വനിതകള്‍ വൈദിക വൃത്തിയിലേക്ക് വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലും മാറ്റമുണ്ടാകണമെന്ന ചര്‍ച്ച സഭയില്‍ നടക്കുന്നുണ്ട്. നിലവില്‍ വൈദികരായ വനിതകളെ അച്ചന്‍ എന്നുതന്നെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍, വനിതകളായ വൈദികരെ 'അമ്മ' എന്ന് വിളിക്കണമെന്ന ആലോചനയുമുണ്ട്.