അശ്ലീല വിഡിയോ കാണിച്ചു; പതിമൂന്ന് വയസുകാരന് നേരെ ലൈംഗിക അതിക്രമം; മാപ്പുപറയുന്ന ശബ്ദരേഖ തിരിച്ചടിയായി; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ലൈംഗികാതിക്രമ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Update: 2025-08-25 07:42 GMT

മലപ്പുറം: പതിമൂന്ന് വയസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അശ്ലീല വീഡിയോ കാണിച്ച് പണം നല്‍കാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക അതിക്രമം. സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ കരുളായി പഞ്ചായത്ത് കമ്മിറ്റി അംഗവും ആയ പള്ളിക്കുന്ന് പൊറ്റമ്മല്‍ അബ്ബാസ് (40) ആണ് അറസ്റ്റിലായത്. ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ പ്രതിയെ എസ്‌ഐ എം.കെ.അബ്ദുല്‍ നാസര്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ആണ് കേസിന് ആസ്പദമായ സംഭവം. 13 വയസ്സുകാരനെയും ആറാം ക്ലാസില്‍ പഠിക്കുന്ന സുഹൃത്തിനെയും അശ്ലീല വിഡിയോ കാണിക്കുകയും പണം നല്‍കാമെന്നു പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണു കേസ്. കുട്ടികളിലൊരാളുടെ ബന്ധുവിനോട് പ്രതി ഫോണില്‍ മാപ്പുപറയുന്ന ശബ്ദരേഖ സമൂഹമാധ്യമത്തില്‍ പ്രചരിച്ചത് സംഭവം പുറത്തറിയാനിടയാക്കി.

രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് കുട്ടികളിലൊരാളുടെ ബന്ധുക്കള്‍ പരാതിയില്‍നിന്ന് പിന്മാറിയെങ്കിലും 13 വയസ്സുകാരന്റെ രക്ഷിതാക്കള്‍ പരാതിയില്‍ ഉറച്ചുനിന്നു. ഇന്‍സ്‌പെക്ടര്‍ വി.അമീറലി അന്വേഷണം നടത്തി ജൂലൈ 29ന് കേസെടുത്തു. ഒളിവില്‍ പോയ പ്രതിയെ പാര്‍ട്ടി സംരംക്ഷിക്കുകയാണെന്ന് സിപിഎമ്മിന് അകത്തു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

Similar News